വെബ് ഡെസ്ക്
മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഒരുപോലെ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മുടെ മാനസികാരോഗ്യം എന്തെങ്കിലും തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിൽ അത് വീണ്ടെടുക്കാൻ ആവശ്യമായ സമയം ചിലവഴിക്കുകയും പരിശ്രമിക്കുകയും വേണം. ആവശ്യമെങ്കില്‍ വിദഗ്ധരുടെ സഹായം തേടാം.
വ്യായാമം വിഷാദവും ഉത്കണ്ഠയും പോലുള്ള മാനസിക ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാൻ നല്ലതാണോ ? എല്ലാവർക്കും സ്വാഭാവികമായും ഉള്ള ഒരു സംശയമാകും ഇത്. എന്നാൽ ശാരീരിക വ്യായാമങ്ങൾക്ക് ഒരു വ്യക്തിയുടെ മാനസിക നിലയിൽ സ്വാധീനം ചെലുത്താനാകും
ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠന പ്രകാരം മരുന്നുകളെക്കാൾ വിവിധ ശാരീരിക പ്രവർത്തനങ്ങൾ കൊണ്ട് വിഷാദം, ഉത്കണ്ഠ, മാനസിക പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാനാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. ആഴ്ചയിൽ 150 മിനുട്ടെങ്കിലും ഇത്തരം ശാരീരിക വ്യായാമങ്ങളില്‍ ഏർപ്പെടണമെന്ന് ഈ പഠനത്തിൽ വ്യക്തമാക്കുന്നു.
മാനസികാരോഗ്യം ശരിയായി സംരക്ഷിക്കാൻ ഈ വ്യായാമ മുറകൾ ശീലിക്കാം
നടത്തം: ചെറുതാണെങ്കിലും വളരെ ഫലപ്രദമായ ഒരു വ്യായാമമാണ് നടത്തം. നമ്മളെ സന്തോഷിക്കാൻ സഹായിക്കുന്ന എൻഡോർഫിൻ ഹോർമോണുകളെ പുറത്തുവിടാന്‍ നടത്തം സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും പോസിറ്റീവ് ആയി നിലനില്‍ക്കാനും നടത്തം ഉത്തമം.
യോഗ : യോഗയുടെ വളരെ ലളിതമായ ശാരീരിക ചലനങ്ങളും നിയന്ത്രിത ശ്വസനവും മനഃസാന്നിധ്യവും വിഷാദം പോലുള്ള മാനസിക ബുദ്ധിമുട്ടുകളെ തടുക്കാൻ നമ്മെ സഹായിക്കുന്നു. വിവിധ തരത്തിലുള്ള യോഗ പോസുകളും പരിശീലനങ്ങളും മാനസിക സംഘർഷങ്ങളെ ലഘൂകരിക്കുന്നു.
ജോഗിങ് : ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കുന്ന ജോഗിങ് പോലുള്ള വ്യായാമങ്ങൾ ദൈനം ദിന ശീലങ്ങളുടെ ഭാഗമാക്കാം. സെറോടോണിൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകൾ പുറത്തുവിടുന്നതിനാല്‍ നമ്മുടെ മാനസികാവസ്ഥ കൂടുതൽ പോസിറ്റീവ് ആയി നിലനില്‍ക്കും
സ്ട്രെങ്ത് ട്രെയിനിങ് : സ്ട്രെങ്ത് ട്രെയിനിങ് ശാരീരിക ആരോഗ്യം വര്‍ധിപ്പിക്കുന്നതിനോടൊപ്പം മാനസിക ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
നീന്തൽ : നീന്തൽ ഒരു മികച്ച ശാരീരിക വ്യായാമമാണ്. ഇത്തരം വ്യായാമങ്ങൾ ശരീരത്തെ ഫിറ്റ് ആക്കി നിർത്തുന്നതോടൊപ്പം ദിവസത്തെയും മെച്ചപ്പെടുത്തുന്നു.
സൈക്ലിംഗ് : സൈക്ലിംഗ് മറ്റ് വ്യായാമങ്ങൾ പോലെതന്നെ നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഒന്നാണ്. ശാരീരികാരോഗ്യത്തിന് പുറമെ മാനസികാരോഗ്യവും ഇത് മൂലം മെച്ചപ്പെടുന്നു.
ഡാൻസ് : ഡാൻസ് ചെയ്യാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഡാൻസ് ചെയ്യുന്നത് നമ്മുടെ ശരീരത്തെയും മനസിനെയും ഒരുപോലെ മെച്ചപ്പെടുത്തുന്ന ഒരു നല്ല വ്യായാമം കൂടിയാണ്. അത് സന്തോഷം നമ്മളിൽ ഉണ്ടാക്കുകയും നമ്മുടെ ദിവസത്തെ കൂടുതൽ മികച്ചതാക്കുകയും ചെയ്യുന്നു.