വെബ് ഡെസ്ക്
പ്രായമായതോടെ കണ്ണടയില്ലാതെ വായിക്കാൻ കഴിയുന്നില്ലെന്ന പ്രശ്നം പലരും പറഞ്ഞ് കേൾക്കാറുണ്ട്. നമുക്ക് ചുറ്റുമുള്ളവരെ മാത്രമല്ല, ആഗോളതലത്തിൽ നൂറുകോടിയിലേറെ പേരെ ബാധിക്കുന്ന പ്രശ്നമാണിത്.
എന്നാൽ ആ പ്രയാസത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് മുംബൈ ആസ്ഥാനമായുള്ള എന്റോഡ് ഫാർമസ്യൂട്ടിക്കൽസ്.
കണ്ണിൽ ഒഴിക്കുന്ന ഒരു തുള്ളിമരുന്നിലൂടെ ഈ പ്രശ്നം പരിഹരിക്കാം. PresVu Eye Drops എന്ന തുള്ളി മരുന്നാണ് വെള്ളെഴുത്ത് അഥവാ പ്രെസ്ബയോപിയയ്ക്കുള്ള ചികിത്സയായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
നാൽപതും അമ്പത്തിയഞ്ചും വയസ്സ് പ്രായമുള്ളവർക്കിടയിലെ നേരിയതും മിതവുമായ പ്രെസ്ബയോപിയ പ്രശ്നങ്ങൾ പരിഹരിക്കാൻ മരുന്നിനാകും.
കണ്ണിലെ വരണ്ട അവസ്ഥ ഇല്ലാതാക്കുന്നതിനും മരുന്നിന് കഴിവുണ്ടെന്നാണ് നിർമ്മാതാക്കളുടെ വാദം. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും മരുന്നിന് ലഭിച്ചിട്ടുണ്ട്.
ഒക്ടോബറിൽ മരുന്ന് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 350 രൂപയായിരിക്കും മരുന്നിന്റെ വില.
പ്രായമാകുന്നതിനനുസരിച്ച് കണ്ണിന് ഫോക്കസ് ചെയ്യാനുള്ള കഴിവ് കുറയുകയും അടുത്തുള്ള വസ്തുക്കൾ കാണുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പ്രെസ്ബയോപിയ.
പ്രെസ്ബയോപിയ ഉള്ളവരിൽ കണ്ണടയുടെ സഹായമില്ലാതെ തന്നെ അടുത്തുള്ള വസ്തുക്കൾ കാണാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐ ഡ്രോപ്സ് ആണിത്.