വെബ് ഡെസ്ക്
രക്തത്തിലെ ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവിൽ ഗണ്യമായ കുറവുണ്ടാകുന്ന അവസ്ഥയാണ് അനീമിയ അല്ലെങ്കിൽ വിളർച്ച. ശരീരത്തിലെ ചെറിയ പ്രവർത്തനങ്ങൾക്ക് ശേഷം പോലും കഠിനമായ ക്ഷീണവും കിതപ്പും ഉണ്ടാകുന്നത് വിളര്‍ച്ചയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
ഹീമോഗ്ലോബിന്റെ കുറവുമൂലം കോശങ്ങള്‍ക്ക് ആവശ്യമായ ഓക്സിജന്‍ കിട്ടാതെവരുന്നത് ശരീരത്തിന്റെ മുഴുവൻ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമായും വിളര്‍ച്ച വരാം.
രക്തകോശങ്ങളുടെ നിര്‍മാണത്തിന് അവശ്യം വേണ്ട പോഷകങ്ങളുടെ കുറവ് മൂലം വിളർച്ചയുണ്ടാകും. ഇരുമ്പിന്റെ കുറവാണ് ഇതിൽ പ്രധാനം.
ആർത്തവകാലത്ത് രക്തം നഷ്ടമാകുന്നതിനാൽ സ്ത്രീകളെ വിളർച്ച വല്ലാതെ ബാധിക്കാം. ഗർഭകാലത്ത് ഇരുമ്പിന്റെ ആവശ്യകത കൂടുതലായതിനാൽ ഗർഭിണികളിലും വിളർച്ച വരാം.
വിളർച്ച തടയാൻ നമ്മുടെ ഭക്ഷണശീലങ്ങളിൽ തീർച്ചയായും ഉൾപ്പെടുത്തിയിരിക്കേണ്ട ചിലത് ഇതാ...
പഴങ്ങൾ : മാതളനാരങ്ങ, കിവി, ആപ്പിൾ, ഓറഞ്ച് മുതലായ പഴങ്ങൾ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ്. പഴങ്ങൾ ധാരാളം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.
പച്ചനിറമുള്ള പച്ചക്കറികൾ : ചീര, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികൾ വിവിധ ധാതുക്കളാലും പോഷസംയുക്തങ്ങളാലും സമ്പന്നമാണ്. ഇത് നിങ്ങളുടെ ആരോഗ്യം നിലനിർത്താനും രക്തത്തിലെ ഇരുമ്പ് വർധിപ്പിക്കാനും സഹായിക്കുന്നു.
നട്സ് : കശുവണ്ടി, പിസ്ത, വാൾനട്ട്, നിലക്കടല മുതലായവയിൽ അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് രക്തക്കുഴലുകളെ ആരോഗ്യകരമായി സംരക്ഷിക്കുകയും ഇരുമ്പിന്റെ കുറവ് തടയുകയും ചെയ്യുന്നു.
വിത്തുകൾ : സൂര്യകാന്തി വിത്തുകൾ, മത്തങ്ങാ വിത്തുകൾ, ചിയ വിത്തുകൾ, ചണവിത്തുകൾ തുടങ്ങിയവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇത് ഇരുമ്പ് വർധിപ്പിച്ച് വിളർച്ച തടയാൻ സഹായിക്കുന്നു.
നോൺ - വെജ് ഭക്ഷണങ്ങൾ : മുട്ട , മൽസ്യം, ചിക്കൻ, മട്ടൻ തുടങ്ങിയ നോൺ വെജ് ഭക്ഷണങ്ങളിൽ പ്രോട്ടീനും ഇരുമ്പും അടങ്ങിയിട്ടുണ്ട്. വിളർച്ചയില്‍ നിന്ന് രക്ഷപ്പെടാൻ ഇവ സഹായിക്കും.