വേനല്‍ കാലത്ത് ആരോഗ്യം സംരക്ഷിക്കാം; കഴിക്കൂ ഈ പഴങ്ങള്‍

വെബ് ഡെസ്ക്

മാമ്പഴം

മാമ്പഴത്തില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ നാരുകളുള്ള പഴവര്‍ഗമായതിനാല്‍ ഇത് ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മാമ്പഴം കഴിക്കാം.

പൈനാപ്പിള്‍

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രൊമലെയ്ന്‍ ദഹന എന്‍സൈമിന് വീക്കവും വേദനയും ശമിക്കുന്നതിനുള്ള ഗുണങ്ങളുണ്ട്. ഇത് സന്ധികളിലെ വേദന കുറയ്ക്കുന്നതിനും സഹായിക്കുന്നു. പൈനാപ്പിളില്‍ ഉള്ള വിറ്റാമിന്‍ സിയ്ക്ക് വീക്കം കുറയ്ക്കാന്‍ സാധിക്കും.

ഓറഞ്ച്

ഓറഞ്ചില്‍ 87 ശതമാനവും വെള്ളമാണ്. അത് കൊണ്ട് തന്നെ വേനല്‍കാലത്ത് കഴിക്കാന്‍ ഏറ്റവും ഉചിതമായ ഒന്നാണ് ഓറഞ്ച്. ഇതില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം നിങ്ങളുടെ എല്ലുകളെയും അവയവങ്ങളെയും പേശികളെയും ശക്തിയുള്ളതായി മാറ്റുന്നു. സിട്രിക്ക് ആസിഡും സൈട്രേറ്റ്‌സും മൂത്രത്തില്‍ കല്ല് വരാതിരിക്കാന്‍ സഹായിക്കുന്നു.

പപ്പായ

പപ്പായയില്‍ വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റ്, ഫൈബര്‍ എന്നിവയുടെ സാന്നിധ്യം വളരെ അധികമാണ്. ഇത് കൊളസ്‌ട്രോള്‍ തടയുന്നതിനും രക്തകുഴലുകള്‍ ആരോഗ്യത്തോടെ സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ പപ്പായ ദിവസും കഴിക്കുന്നത് ആമാശയത്തിന് അസ്വസ്ഥതയുണ്ടാക്കിയെന്ന് വരാം. ഇത് ഡയറിയക്കും കാരണമാകാം.

ബ്‌ളാക്ക് ബറി

ഭക്ഷണക്രമത്തില്‍ ബ്‌ളാക്ക്ബറി ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ അയണ്‍ ആകിരണം ചെയ്യുന്നതിന് സഹായിക്കുന്നു. ദഹന സമ്പന്ധമായ പ്രശ്‌നങ്ങള്‍ക്കും ബ്ലൂബറി നല്ലതാണ്.

തണ്ണിമത്തന്‍

തണ്ണിമത്തനില്‍ സിട്രുലിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ രക്തചക്രമണം വര്‍ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. തണ്ണിമത്തനില്‍ അധികവും വെള്ളമായതിനാല്‍ ചൂടുകാലത്ത് ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് സംരക്ഷിക്ക്ന്‍ ഇതിന് സാധിക്കും.

ബ്ലൂബറി

ഇവയില്‍ വിറ്റാമിന്‍ എ, സി, കെ, മാന്‍ഗനീസ്, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇവയ്ക്ക് രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും, കൊളക്‌സ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും ഹൃദയരോഗങ്ങള്‍ വരാനുള്ള സാധ്യതകളെ കുറയ്ക്കാനും സഹായിക്കുന്നു