ഗുണത്തിൽ കേമനാണ്; തക്കാളിയുടെ ആരോഗ്യഗുണങ്ങള്‍

വെബ് ഡെസ്ക്

നിരവധി പോഷകഗുണങ്ങളാൽ സമ്പന്നമാണ് തക്കാളി. തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, തയമിന്‍ എന്നിവ തക്കാളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്

തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റാണ് അവയ്ക്ക് കടും ചുവപ്പ് നിറം നൽകുന്നത്, ഈ പോഷകം ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കാരണമാകുന്നു.

തക്കാളി കഴിക്കുന്നത് പ്രോസ്റ്റേറ്റ്, ശ്വാസകോശം, വയറ്റിലെ അർബുദം തുടങ്ങി പല തരത്തിലുള്ള കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈക്കോപീനും മറ്റ് ആന്റിഓക്‌സിഡന്റുകളുമാണ് ഇതിന് സഹായകമാകുന്നത്

സൗന്ദര്യസംരക്ഷണത്തിനും ഉത്തമമാണ് തക്കാളി. തക്കാളി ജ്യൂസിന്റെ ഉചിതമായ ഉപയോഗം കടുത്ത വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് മാറ്റാൻ സഹായകമാണ്. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകള്‍ ചര്‍മത്തിലെ വരൾച്ചയും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്

കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ പോഷകമായ വിറ്റാമിൻ എയും തക്കാളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാനും ഉത്തമമാണ്

ദഹന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ദിവസേന തക്കാളി കഴിക്കുന്നത് നല്ലതാണ്. ഇതിലൂടെ മഞ്ഞപ്പിത്തം തടയുകയും ശരീരത്തിലെ വിഷവസ്തുക്കളെ ഫലപ്രദമായി നീക്കം ചെയ്യുകയും ചെയ്യുന്നു

തക്കാളിയില്‍ വളരെയധികം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം, വയറിളക്കം എന്നിവ പ്രതിരോധിക്കാനും ഇവ ഉത്തമമാണ്