നവജാത ശിശു പരിചരണം; ശ്രദ്ധിക്കാം കുറച്ചുകാര്യങ്ങള്‍

വെബ് ഡെസ്ക്

നവജാത ശിശു പരിചരണത്തില്‍ കാലങ്ങളായി ഏറെ അന്ധവിശ്വാസങ്ങള്‍ പിന്തുടരുന്നവരാണ് മലയാളികള്‍. ശാസ്ത്രീയമായ സമീപനം പലപ്പോഴും ഉണ്ടാകാറില്ല കുഞ്ഞിനെ എടുക്കുന്നതില്‍ തുടങ്ങി കുഞ്ഞുങ്ങളുടെ പരിചരണത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും വിശ്രമം ഒരുക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്.

ഓയില്‍ മസാജിലൂടെ കുഞ്ഞിന്റെ ശരീരത്തിലെ രക്തചംക്രമണം കൂടും. മൃദുവായ രീതിയില്‍ കണ്ണ്, പുരികം, മൂക്ക്, കവിള്‍, നട്ടെല്ല് എന്നിവിടങ്ങളില്‍ മസാജ് ചെയ്യുന്നത് കുഞ്ഞിനെ ശാന്തമാക്കാനും സഹായിക്കും

കുഞ്ഞിന് ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ധിക്കുകയും തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യും. ആറ് മാസത്തിന് ശേഷം പോഷകങ്ങളടങ്ങിയ മറ്റ് ലഘുവായ ആഹാരങ്ങളും നല്‍കാവുന്നതാണ്.

കുഞ്ഞുങ്ങള്‍ക്ക് പെട്ടന്ന് തന്നെ സംസാരിക്കുന്നതിനായി തേന്‍, പഞ്ചസാര വെളളം, തീര്‍ത്ഥം എന്നിവ നല്‍കുന്നത് ശരിയല്ല. ഇത് കുഞ്ഞുങ്ങളില്‍ അണുബാധയുണ്ടാക്കുന്നതിനുളള സാധ്യത കൂടുതലാണ്

നവജാത ശിശുക്കളെ ഇളം വെയില്‍ കൊളളിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് സഹായിക്കും. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം

നവജാത ശിശുക്കള്‍ക്ക് ഉപയോഗിക്കുന്ന തുണികള്‍ അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം. വെള്ളക്കളറിലുള്ള തുണികള്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് അഴുക്കു പറ്റുന്നത് വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും.

പൊക്കിള്‍ക്കൊടിയില്‍ വെളിച്ചെണ്ണ, ഏതെങ്കിലും പൊടികള്‍, ചാരം എന്നിങ്ങനെയുള്ള വസ്തുക്കള്‍ പുരട്ടുന്നത് നല്ലതല്ല.

നവജാത ശിശുക്കളെ കുളിപ്പിച്ച ശേഷം ചെവിയില്‍ എണ്ണ പുരട്ടുക, മണമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് പുകയിടുക തുടങ്ങിയവയൊക്കെ ഒഴിവാക്കുക

ആറുമാസം വരെ മുലപ്പാലിന് പുറമേ കുഞ്ഞുങ്ങള്‍ക്ക് വെള്ളമോ മറ്റെന്തെങ്കിലുമോ നല്‍കേണ്ടതില്ല. കുഞ്ഞുങ്ങളുടെ ദാഹവും വിശപ്പും ശമിപ്പിക്കാനാവശ്യമായതെല്ലാം അമ്മയുടെ പാലില്‍ അടങ്ങിയിരിക്കുന്നു.

അന്ധവിശ്വാസങ്ങളുടെ പുറത്ത് കുട്ടികളുടെ മുഖത്തും കണ്ണിലും കറുത്ത പൊട്ട് കുത്തുന്നത് പതിവാണ്. മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന കണ്മഷികളില്‍ ലെഡിന്റെ സാന്നിധ്യമുണ്ടാകും. ഇത് കുഞ്ഞുങ്ങളുടെ കണ്ണില്‍ ഉപയോഗിക്കുന്നത് നല്ലതല്ല. പൗഡര്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക