പപ്പായയ്ക്ക് മാത്രമല്ല ഇലയ്ക്കും ഉണ്ട് ഗുണങ്ങൾ

വെബ് ഡെസ്ക്

ശരീരത്തിന് ആവശ്യമായ ഒട്ടനവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പപ്പായ. ചർമ്മ സംരക്ഷണത്തിനും മുടിയുടെ വളർച്ചയ്ക്കും പപ്പായ ഉപയോഗിക്കാറുണ്ട്. എന്നാൽ, പപ്പായയുടെ ഇലകളും ഔഷധ മൂല്യം നിറഞ്ഞതാണ്.

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പപ്പായ ഇല. ഇതിൽ ഉയർന്ന അളവിൽ പപ്പൈൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ശുദ്ധീകരിക്കാനും ചർമ്മത്തിലെ സുഷിരങ്ങളിൽ നിന്ന് എണ്ണയും അഴുക്കും നീക്കം ചെയ്യാനും സഹായിക്കുന്നതാണ്.

പപ്പായ ഇലയിൽ ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ തുടങ്ങി നിരവധി സംയുക്തങ്ങൾ അടങ്ങിയതിനാൽ മുടി കൊഴിച്ചിലിനെ ഒരു പരിധി വരെ തടഞ്ഞുനിർത്തും. ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള പപ്പായ ഇല താരൻ മാറുന്നതിനും സഹായിക്കും.

പപ്പായ ഇലയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോ​ഗപ്രതിരോധ ശേഷിയെ വർധിപ്പിക്കാൻ സഹായിക്കും.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ പപ്പായ ഇല സഹായിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച് ഒരു വ്യക്തിയിൽ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയാൻ ഇടയാക്കും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് മെച്ചപ്പെടുത്താൻ പപ്പായ ഇല സഹായിക്കുന്നു.ഇത് രോഗാവസ്ഥയ്ക്കുള്ള പരിഹാരമല്ല, രോഗലക്ഷണങ്ങൾ കുറയ്ക്കാനേ സഹായിക്കൂ.

ദഹനപ്രശ്‌നങ്ങൾ മാറാൻ പപ്പായ ഇല സഹായിക്കും. ഗ്യാസ്, മലബന്ധം അല്ലെങ്കിൽ വയറുവേദന എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, പപ്പായ ഇല സഹായിക്കും. ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന പപ്പെയ്ൻ എന്ന സംയുക്തം ഇതിലുണ്ട്.

പപ്പായ ഇലയിൽ അമ്പതിലധികം സംയുക്തങ്ങളുണ്ട്. ഇത് നല്ലതും ചീത്തയുമായ ബാക്ടീരിയയുടെ അളവ് നിയന്ത്രിക്കും. ടാനിൻ പോലുള്ള സംയുക്തങ്ങൾ ബാക്ടീരിയൽ അണുബാധയുടെ ദൂഷ്യഫലങ്ങളെ തടഞ്ഞ് ഉദരത്തിന് ആരോഗ്യമേകും.

ആന്റിഓക്സിഡന്റുകൾ ധാരാളമുള്ള പപ്പായ ഇല ഫ്രീ റാഡിക്കലുകളെ അകറ്റി ഓക്സീകരണ സമ്മർദം തടയുന്നു. കോശങ്ങളുടെ കേടുപാടുകൾ തീർക്കുന്നു. മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും ഇത് സഹായിക്കും.