തണ്ണിമത്തനും ഒരു ദിവസമുണ്ട്

വെബ് ഡെസ്ക്

ഓഗസ്റ്റ് മൂന്ന് ദേശീയ തണ്ണിമത്തൻ ദിനമായി ആഘോഷിക്കുന്നു. ലോകമെമ്പാടും ഏറെ ആരാധകരുള്ള ഫലമാണ് തണ്ണിമത്തൻ. തണ്ണിമത്തന്റെ പ്രാധാന്യവും ചരിത്രവും പരിശോധിക്കാം

2,000 ബിസിയിൽ പുരാതന ഈജിപ്തിലാണ് ആദ്യമായി തണ്ണിമത്തൻ വിളവെടുത്തത് എന്നാണ് കരുതപ്പെടുന്നത്. ഏകദേശം 5000 വർഷങ്ങൾക്ക് മുൻപാണിത്. പുരാതന ഈജിപ്ഷ്യൻ ലിഖിതങ്ങളിൽ വിവിധതരം തണ്ണിമത്തൻ പെയിന്റിങ്ങുകൾ കാണാം

തണ്ണിമത്തന്റെ വിത്തുകൾ വ്യാപാരികൾ കൈമാറി വന്നതോടെ ഇത് പലയിടങ്ങളിലേക്ക് വ്യാപിച്ചു. ആദ്യം ആഫ്രിക്കയിലും മെഡിറ്ററേനിയൻ രാജ്യങ്ങളിലും പിന്നാലെ യൂറോപ്പിന്റെ ഭാഗങ്ങളിലേക്കും തണ്ണിമത്തൻ എത്തി

ഒൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചൈനയിലും ഏഷ്യയുടെ മറ്റു ഭാഗങ്ങളിലും തണ്ണിമത്തൻ കൃഷി സാധാരണമായി. Water Melon എന്ന വാക്ക് ഇംഗ്ലീഷ് നിഘണ്ടുവിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1615-ലാണ്

പലപ്പോഴും നമ്മൾ വലിച്ചെറിയുന്ന പുറം തൊലിയുൾപ്പടെയുള്ള തണ്ണിമത്തന്റെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. പല തരം പോഷകങ്ങളുള്ള തണ്ണിമത്തൻ ആരോഗ്യത്തിനും നല്ലതാണ്.

തണ്ണിമത്തനിൽ 92% ജലാംശം അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ വേനൽക്കാലത്താണ് തണ്ണിമത്തന്റെ ആവശ്യം വർധിക്കുന്നത്. സാധാരണയായി കണ്ടുവരുന്ന പിങ്ക് മുതൽ ചുവപ്പ്, മഞ്ഞ നിറങ്ങളിൽ ഉൾപ്പടെ പല രുചികളിൽ 1,200 തരത്തിലുള്ള തണ്ണിമത്തനുകൾ വിപണിയിൽ ലഭ്യമാണ്

ഒരു തണ്ണിമത്തൻ പാകമായി വരാൻ ഏകദേശം 85 മുതൽ 100 ​​ദിവസം വരെ എടുക്കും. തണ്ണിമത്തൻ കൃഷിക്ക് നല്ല പരിചരണവും ശ്രദ്ധയും ആവശ്യമാണ്.

രുചി മേന്മയ്ക്കപ്പുറം ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടും തണ്ണിമത്തൻ പ്രധാനപ്പെട്ടതാണ്. ആൻറി ഓക്‌സിഡന്റായ ലൈക്കോപീൻ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്നു. ഇത് ശ്വാസകോശം, ആമാശയം, പ്രോസ്റ്റേറ്റ് കാൻസറുകൾ എന്നിവയുടെ സാധ്യതകൾ കുറയ്ക്കുന്നു

അതേസമയം ജപ്പാനിലെ കർഷകർ പ്രത്യേക ആകൃതികളിൽ തണ്ണിമത്തൻ വളർത്തി വിളവെടുക്കാറുണ്ട്. ക്യൂബുകളും പിരമിഡുകളും പോലെ ഹൃദയത്തിന്റെയും മനുഷ്യമുഖത്തിന്റെയും ആകൃതിയിൽ വരെ ഇവിടെ കർഷകർ തണ്ണിമത്തൻ വളർത്താറുണ്ട്.