വൃക്കയിലെ കല്ല്; സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും

വെബ് ഡെസ്ക്

ചില ലവണങ്ങൾ അടിഞ്ഞുകൂടി ക്രിസ്റ്റൽ രൂപം പ്രാപിക്കുകയും അവ അടിഞ്ഞുകൂടി കല്ലായി രൂപാന്തരപ്പെടുകയുമാണ്. പുരുഷന്മാരിൽ 11 ശതമാനവും സ്ത്രീകളിൽ ഒൻപത് ശതമാനവുമാണ് വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യത

ഒരു മണല്‍ത്തരിയോളം ചെറുതോ വലിയ വലിപ്പത്തിലുള്ളതോ ആയ കല്ലുകള്‍ രൂപപ്പെടാം. സ്വാഭാവികമായും മൂത്രത്തിലൂടെ ഇവ പുറന്തള്ളപ്പെടാം. കൂര്‍ത്തതോ മിനുസമില്ലാത്തതോ ആയവ വേദനയുണ്ടാക്കും. ഇവ തനിയെ പുറത്ത് പോകാനുള്ള സാധ്യത കുറവാണ്

ജീവിതശൈലി, ആഹാരക്രമം, അമിതഭാരം, അനിമൽ പ്രോട്ടീന്റെ ഉപയോ​ഗം, ചില തരം മരുന്നുകളുടെ ഉപയോ​ഗം, യൂറിക് ആസിഡ്, പ്രമേഹം, അമിതമായ ഉപ്പിന്‍റെ ഉപയോഗം എന്നിങ്ങനെ വൃക്കകളില്‍ കല്ലുകള്‍ ഉണ്ടാവാന്‍ കാരണമായിത്തീരുന്നു

കല്ലുകളില്‍ 75 ശതമാനം കാല്‍സ്യം ഓക്‌സലേറ്റ്കല്ലുകളാണ്. മൂത്രത്തിലെ ഓക്‌സലേറ്റിന്റെ കൂടിയ അളവാണ് കാല്‍സ്യം ഓക്‌സലേറ്റ് കല്ലുകള്‍ക്ക് മുഖ്യ കാരണം. കൂടാതെ സ്ട്രുവൈറ്റ് കല്ലുകള്‍, യൂറിക് ആസിഡ് കല്ലുകള്‍, സിസ്റ്റീന്‍ കല്ലുകള്‍ എന്നിങ്ങനെയും കല്ലുകള്‍ പലവിധത്തിൽ കാണപ്പെടുന്നു

ഭക്ഷണ ശീലങ്ങളും വ്യായാമവും വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നതിൽ നിന്ന് തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നതും പ്രതിദിനം ഏകദേശം മൂന്ന് ലിറ്റർ വെള്ളം കുടിക്കുന്നതും ഇതിൽ പ്രധാനമാണ്

കുടിക്കുന്ന പാനീയങ്ങളുടെ അളവ് കാലാവസ്ഥ, ശാരീരിക വ്യായാമം, ശരീരപ്രകൃതി എന്നിവ അനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ട്. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളും സിട്രസ് പഴങ്ങൾ കഴിക്കുന്നതും കല്ല് ഉണ്ടാകുന്നതിനെ തടയുന്നു

ഒരിക്കല്‍ വൃക്കയില്‍ കല്ല് ഉണ്ടായാല്‍ വീണ്ടും വരാന്‍ ഉള്ള സാധ്യത 50 ശതമാനത്തോളം ആണ്. അങ്ങനെയുളളവർക്ക് രക്തത്തിന്റെയും മൂത്രത്തിന്റെയും പ്രത്യേക പരിശോധനകളും ആവശ്യമാണ്

വയറിന്റെ വശങ്ങളിലുണ്ടാകുന്ന വേദന, മൂത്രത്തിൽ രക്തം, അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, മൂത്രപ്പഴുപ്പ്, മൂത്രതടസ്സം, മൂത്രമൊഴിക്കുന്ന സമയത്ത് വേദന, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങൾ.

കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ വേദനയ്ക്ക് മാത്രമല്ല വൃക്കകളുടെ നാശത്തിനും കല്ലുകള്‍ കാരണമാകും. രക്ത പരിശോധന, കി‍ഡ്നി ഫങ്ഷന്‍ ടെസ്റ്റ്, സിടി സ്കാന്‍ എന്നിവയെല്ലാം രോഗനിര്‍ണയത്തിന് സഹായകമാണ്.