ഒരു ദിവസം എത്ര ഉപ്പ് കഴിക്കണം; അറിയാമോ?

വെബ് ഡെസ്ക്

നമ്മുടെ ഭക്ഷണത്തിൽ ഉപ്പിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് അറിയാമല്ലോ. ഉപ്പ് ഭക്ഷണത്തിൽ കൂടിയാലും കുറഞ്ഞാലും ആരോ​ഗ്യത്തെ അത് ദോഷകരമായി ബാധിക്കും. ദിവസവും എത്ര അളവ് വരെ ഉപ്പ് കഴിക്കാം എന്നതിനെക്കുറിച്ച് പലർക്കും ധാരണയില്ല.

ലോകാരോഗ്യസംഘടന പറയുന്നത് പ്രകാരം അഞ്ച് ഗ്രാം ഉപ്പ് മാത്രമാണ് ഒരാൾക്ക് ദിവസം ആവശ്യമുള്ളത്. ഒരു സ്പൂൺ ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിന് ലഭ്യമാകും.

ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പ് മതി. 2–3 വയസാകുമ്പോൾ രണ്ടു ഗ്രാം ഉപ്പ്. 6–7 വയസാകുമ്പോൾ മൂന്ന്. കൗമാരപ്രായം മുതൽ അഞ്ച് ഗ്രാം ഉപ്പ് പതിവാക്കാം. വൃക്ക രോ​ഗം, പ്രമേഹം, ഹൃദ്രോഗം എന്നിങ്ങനെ വിവിധ ആരോഗ്യപ്രശ്‌നങ്ങളുള്ള രോഗികൾക്ക് അളവ് ഇതിലും കുറവായിരിക്കും. ഇവർ ഡോക്ടറുടെ നിർദേശപ്രകാരം വേണം ഉപ്പ് കഴിക്കാൻ.

ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്ത ഭക്ഷണ വിഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്. പ്രോസസ് ചെയ്ത ഭക്ഷണപദാർഥങ്ങളിൽ ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു.

അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് എല്ലിൽ നിന്ന് കാത്സ്യം നഷ്ടപ്പെടാനിടയാക്കും. ഇതുമൂലം അസ്ഥികൾ ദുർബലമാകുന്ന ഓസ്റ്റിയോപൊറോസിസിന് കാരണമായേക്കാം. ഹൃദ്രോഗം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാം. കൂടുതൽ ദാഹം അനുഭവപ്പെടുക, വൃക്കയിൽ വീക്കം, മുടി കൊഴിച്ചിൽ എന്നിവയ്ക്കും സാധ്യതയുണ്ട്.

ഉപ്പ് കുറഞ്ഞാലും പ്രശ്നങ്ങളുണ്ട്. കുറഞ്ഞ രക്തസമ്മർദം, ടൈപ്പ് 2 പ്രമേഹം, തളർച്ചയും ഛർദിയും, തലച്ചോറിലും ഹൃദയത്തിലും വീക്കം, ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ആവശ്യാനുസരണം രക്തം എത്താത്ത അവസ്ഥ, ചീത്ത കൊളസ്‌ട്രോൾ എന്നിവ ഉണ്ടാകാം.

എന്നും കഴിക്കുന്ന ഭക്ഷണത്തിൽ അഞ്ച് ഗ്രാം ഉപ്പ് നിർബന്ധമായും ഉൾപ്പെടുത്താൻ ശ്രമിക്കുക. കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയ്ക്കും ഉപ്പ് സഹായകരമാണ്.

ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ അളവ് ബാലൻസ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പച്ചക്കറികളും പഴവർഗങ്ങളും പൊട്ടാസ്യത്തിന്റെ കലവറയാണ്. നിത്യവും കഴിക്കുന്ന ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയാൽ ശരീരത്തിൽ ഉപ്പിന്റെ അളവ് കൂടുന്നത് ക്രമീകരിക്കാം.