ഈ ലക്ഷണങ്ങൾ ഉണ്ടോ? വിറ്റാമിൻ ബി 12 കുറവാകാം

വെബ് ഡെസ്ക്

ശരീരത്തിന്റെ നാഡീകോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന പ്രധാന ഘടകമാണ് വിറ്റാമിൻ ബി 12. അതിനാൽ വിറ്റാമിൻ ബി 12ന്റെ കുറവ് മാനസിക, ശാരീരിക, നാഡീ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമായേക്കാം.

നാവുകൾ വീർക്കുന്നത്

നാവിനുണ്ടാകുന്ന രോഗാവസ്ഥയാണ് ഗ്ലോസിറ്റിസ്. നാവിൽ തടിപ്പ് രൂപപ്പെടുക, ചുവന്ന നിറത്തോട് കൂടി വേദന അനുഭവപ്പെടുക തുടങ്ങിവയെല്ലാം വിറ്റാമിൻ ബി 12 ന്റെ അഭാവത്തെ സൂചിപ്പിക്കുന്നു.

വിഷാദം

നാഡീവ്യവസ്ഥയുടെ കൃത്യമായ പ്രവർത്തനത്തിന് വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. അതിനാൽ ഇത് മൂലമുണ്ടാകുന്ന കുറവ് നമ്മുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുകയും വിഷാദത്തിന് വരെ കാരണമാകുകയും ചെയ്യാം.

തണുപ്പ് അനുഭവപ്പെടുക

ശരീരത്തിൽ ആവശ്യത്തിന് പോഷകമില്ലാത്തത് ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയുന്നതിന് കാരണമാകും. ഇത് മൂലം അമിതമായ തണുപ്പ്, വിറയൽ എന്നിവ ശരീരത്തിൽ അനുഭവപ്പെടുന്നു.

അമിതമായ ഹൃദയമിടിപ്പ്

വിറ്റാമിൻ ബി 12 അഭാവം മൂലം ചുവന്ന രക്താണുക്കളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ഹൃദയമിടിപ്പ് അസാധാരണമാം വിധം കൂടുന്നതിന് കാരണമാകുന്നു.

വിളർച്ച

ശരീരത്തിൽ വിറ്റാമിൻ ബി 12 ഇല്ലാതെ വരുമ്പോൾ ചുവന്ന രക്താണുക്കളുടെ എണ്ണത്തിൽ വലിയ രീതിയിൽ കുറവുണ്ടാകും. ചുവന്ന രക്താണുക്കളുടെ കുറവ് വിളർച്ചയ്ക്ക് കാരണമാകുന്നു.

കൈകാലുകളിൽ മരവിപ്പ്

വിറ്റാമിൻ ബി 12 ന്റെ കുറവ് കൈകൾ, കാലുകൾ തുടങ്ങിയ ശരീര ഭാഗങ്ങളിൽ മരവിപ്പ് അനുഭവപ്പെടുന്നതിന് കാരണമാകുന്നു.

ക്ഷീണം

വിറ്റാമിൻ ബി 12 കുറവാണെങ്കിൽ ഒരു പ്രവൃത്തികളും ചെയ്യാൻ തോന്നാത്ത വിധം എപ്പോഴും ശരീരത്തിന് ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടേക്കാം.

വിശപ്പില്ലായ്മ

ഓക്കാനം പോലെയുള്ള അവസ്ഥകൾ അനുഭവപ്പെടുന്നതിനാൽ ഭക്ഷണത്തിനോട് എപ്പോഴും വിരക്തി അനുഭവപ്പെടുന്നതും പ്രധാന ലക്ഷണങ്ങളിൽ പെടുന്നു.