വെബ് ഡെസ്ക്
കരളിനെ ബാധിക്കുന്ന ഗുരുതരമായ വൈറല്‍ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ബി. ഹെപ്പറ്റൈറ്റിസ് ബി വൈറസ്(എച്ച്ബിവി) വഴിയാണ് രോഗം പകരുന്നത്. ഇതുമൂലം കരള്‍ സ്തംഭനം, കരള്‍ അര്‍ബുദം, കരള്‍ വീക്കം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം.
ഹെപ്പറ്റൈറ്റിസ് അഞ്ചുതരം
ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇവയിൽ ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ വകഭേദങ്ങളാണ് ഏറ്റവും കൂടുതലായി രോഗികളിൽ കണ്ടുവരുന്നത്.
ലൈംഗിക ബന്ധത്തിലൂടെയും പകരാം
ഒരു വ്യക്തിയില്‍ നിന്ന് അടുത്ത വ്യക്തിയിലേക്ക് രക്തം, ശുക്ലം, മറ്റ് ശരീരദ്രവങ്ങള്‍ എന്നിവ വഴി എച്ച്ബിവി പകരാം. ഇതിനാല്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും ഹെപ്പറ്റൈറ്റിസ് ബി പകരുന്നതിന് കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഹെപ്പറ്റൈറ്റിസ് ബിയുടെ ലക്ഷണങ്ങള്‍
1. പനി
വൈറസ് കരളിനെ ബാധിക്കുമ്പോൾ ഇതിനോടുള്ള ശരീരത്തിന്‍റെ പ്രതികരണമെന്ന നിലയില്‍ പനിയുണ്ടാകാം. ഇതിനൊപ്പം ക്ഷീണം, തലവേദന, സന്ധിവേദന പോലുള്ള ലക്ഷണങ്ങളും ഉണ്ടാകാം.
2. വയറുവേദന
കഠിനമായ വയറുവേദന കരള്‍ രോഗത്തിന്റെ ഒരു ലക്ഷണമാണ്. വൈറസ് ബാധിച്ച് ഒന്ന് മുതല്‍ നാല് മാസങ്ങള്‍ക്കുള്ളിലാണ് ഈ ലക്ഷണങ്ങള്‍ പ്രകടമാകുക.
3. മൂത്രത്തിന്റെ നിറം മാറ്റം
മൂത്രത്തിന്‍റെ നിറം കടുത്ത് ചായ പോലെയാകുന്നതാണ് ഹെപ്പറ്റൈറ്റിസ് ബിയുടെ മറ്റൊരു ലക്ഷണം. കളിമണ്ണിന്റെ നിറത്തിലുള്ള മലവും മറ്റൊരു സൂചനയാണ്.
4. ഛര്‍ദ്ദി
ഹെപ്പറ്റൈറ്റിസ് ബി മൂലമുള്ള കരള്‍ വീക്കം ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ലക്ഷണങ്ങള്‍ക്കും കാരണമാകും. മനംമറിച്ചില്‍, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്.
5. ചര്‍മത്തിന് മഞ്ഞ നിറം
കരള്‍ വീക്കവും കരളിനുണ്ടാകുന്ന ക്ഷതവും ശരീരത്തിലെ ബിലിറൂബിന്‍റെ അംശം വര്‍ധിപ്പിക്കും. ഇത് മഞ്ഞപിത്തത്തിലേക്ക് നയിക്കാം. കണ്ണുകള്‍ക്കും ചര്‍മത്തിനും ഇതുമൂലം മഞ്ഞനിറം വരാം.