രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം, ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ...

വെബ് ഡെസ്ക്

നെല്ലിക്ക

ടൈപ്പ് 2 പ്രമേഹരോഗികൾക്ക് ഗുണകരം. ക്രോമിയം അടങ്ങിയ നെല്ലിക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ധാരാളം വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്.

ഓറഞ്ച്

നല്ലൊരു ആന്റിഓക്‌സിഡന്റാണ് ഓറഞ്ച്. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ളതിനാൽ ഓറഞ്ച് പ്രമേഹ രോഗികൾക്ക് കഴിക്കാം. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഉയർന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും കേടായ കോശങ്ങളെ വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കറുവപ്പട്ട

കറുവപ്പട്ട കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കറുവപ്പട്ട ഉപയോഗം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും അതുവഴി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

ബീറ്റ്റൂട്ട്

നാരുകളും അവശ്യ ധാതുക്കളായ പൊട്ടാസ്യം, ഇരുമ്പ്, മാംഗനീസ്, ഫൈറ്റോകെമിക്കൽസ് അടങ്ങിയ ബീറ്റ്‌റൂട്ട് ഇൻസുലിന്റെ അളവ് ക്രമീകരിക്കും. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറവാണ് ബീറ്റ്‌റൂട്ടിൽ.

ക്രൂസിഫറസ് പച്ചക്കറികൾ

കാബേജ്, കോളിഫ്‌ളവർ, ബ്രൊക്കോളി തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ പ്രതിരോധശേഷി കൂട്ടുന്നു. നാരുകൾ, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ സി എന്നിവ അടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്.

വിത്തുകൾ

മത്തങ്ങ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയവ വിവിധ പോഷകങ്ങളാൽ സമൃദ്ധമാണ്. ഇവയിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും.

ധാന്യങ്ങൾ

ധാന്യങ്ങളിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ബാർലി, ഓട്‌സ്, ക്വിനോവ, ഗോതമ്പ് മുതലായ ധാന്യങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് ഉത്തമം. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും അവ സഹായിക്കുന്നു.

ഉലുവ

ദഹനപ്രക്രിയ സുഗമമാക്കാൻ ഉലുവ സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിലെ കാർബോഹൈഡ്രേറ്റുകളേയും രക്തത്തിലെ പഞ്ചസാരയേയും നിയന്ത്രിക്കുന്നു.

ഞാവൽ

ഞാവൽ കഴിക്കുന്നത് ഇൻസുലിൻ പ്രവർത്തനവും സംവേദനക്ഷമതയും മെച്ചപ്പെടുത്തും. ദഹന സംബന്ധമായ അസുഖങ്ങൾക്ക് ഞാവൽ കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.