വെബ് ഡെസ്ക്
ഡിമെന്‍ഷ്യ എന്ന രോഗവസ്ഥയുടെ ഏറ്റവും സാധാരണമായ രൂപമാണ് അല്‍ഷിമേഴ്സ്. വളരെ സാവധാനമാണ് ഈ രോഗം മനുഷ്യനെ കീഴടക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഈ അസുഖം തിരിച്ചറിയാതെ പോകാറുണ്ട്.
ലോകത്തില്‍ ഇന്ന് 47 ദശലക്ഷത്തിലധികം ആളുകള്‍ അല്‍ഷിമേഴ്‌സ് ബാധിതരാണ്. ഓരോ ഏഴ് സെക്കന്‍ഡലിലും ഓരോ അല്‍ഷിമേഴ്‌സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു.
തലച്ചോറിലെ നാഡീകോശങ്ങള്‍ ജീര്‍ണിക്കുകയും ക്രമേണ മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ അവയെ പുനരുജ്ജീവിപ്പിക്കുക അസാധ്യമായതുകൊണ്ടുതന്നെ ഈ അസുഖത്തിന് ഫലപ്രദമായ ചികിത്സാവിധികള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
അല്‍ഷിമേഴ്‌സ് രോഗം ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അല്‍ഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ജീന്‍ അപ്പോളിപോപ്രോട്ടീന്‍ ഇ ആണ്. ഈ ജീനിന്റെ ഒരു പകര്‍പ്പ് അമ്മയില്‍ നിന്നും മറ്റൊന്ന് അച്ഛനില്‍ നിന്നും വരുന്നു. കുറഞ്ഞത് ഒരു APOE e4 ജീനെങ്കിലും ഉണ്ടെങ്കില്‍ അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത ഇരട്ടിയോ മൂന്നിരട്ടിയോ വര്‍ദ്ധിക്കും.
അച്ഛനില്‍ നിന്നുള്ളതിനേക്കാള്‍ അമ്മയില്‍ നിന്നുമാണ് പാരമ്പര്യമായി അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കൂടുതല്‍. അമ്മയില്‍ നിന്നും ഈ രോഗം വരാനുള്ള സാധ്യത നാല് മുതല്‍ പത്തുമടങ്ങ് വരെ കൂടുതലാണ്.
അല്‍ഷിമേഴ്‌സ് കേസുകള്‍ പരിശോധിക്കുമ്പോള്‍ ഭൂരിഭാഗവും പാരമ്പര്യമായി പകര്‍ന്നു കിട്ടിയതല്ലെന്നാണ് യുകെയിലെ അല്‍ഷിമേഴ്സ് സൊസൈറ്റിയുടെ കണ്ടെത്തല്‍.
എന്നാല്‍ വാര്‍ധക്യത്തിന് മുമ്പ് കുടുംബത്തിലെ ആര്‍ക്കെങ്കിലും അല്‍ഷിമേഴ്‌സ് ബാധിച്ചിട്ടുണ്ടെങ്കില്‍ അത് പാരമ്പര്യമായി പകരുന്ന തരത്തിലുള്ള അല്‍ഷിമേഴ്‌സ് രോഗമാണ്.
60 വയസ്സിന് മുമ്പ് ചെറുപ്പത്തില്‍ തന്നെ ബാധിക്കുന്ന അല്‍ഷിമേഴ്‌സ് രോഗം കുടുംബത്തില്‍ നിന്നും കുട്ടികളിലേക്ക് പകരുന്ന തെറ്റായ ജീന്‍ മൂലമാകാം. ഹണ്ടിങ്ടണ്‍സ് രോഗവും ഫാമിലിയല്‍ പ്രിയോണ്‍ രോഗവും ഒരു തെറ്റായ ജീന്‍ മൂലമുണ്ടാകുന്ന അപൂര്‍വ തരം ഡിമെന്‍ഷ്യയാണ്.
ഈയിടെ സംഭവിച്ച കാര്യങ്ങള്‍ മറക്കുക, സൂക്ഷിച്ചിരിക്കുന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരിക, പതിവ് വഴിയോ ദിശയോ മറക്കുക, പലപ്പോഴും ആശയക്കുഴപ്പത്തിലാകുക, സമയം നഷ്ടപ്പെടുക, ചെറിയ പ്രശ്നങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയാതെ വരിക, പരിചിതമായ ജോലി ചെയ്യുന്നതില്‍ പ്രശ്നം നേരിടുന്നു, കാരണമില്ലാതെ ഉത്കണ്ഠ എന്നിവയാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍