പശുവിൻ ചീസിനേക്കാൾ നല്ലതാണോ ആടിന്റെ ചീസ്?

വെബ് ഡെസ്ക്

പശുവിൻ പാലിൽ ഉണ്ടാക്കുന്ന ചീസ് ഇഷ്ടമില്ലാത്തവർക്ക് ആടിന്റെ ചീസ് ഉപയോ​ഗിക്കാവുന്നതാണ്. ധാരാളം പോഷകങ്ങൾ അടങ്ങിയ ആടിന്റെ ചീസിന് പശുവിന്റെ ചീസിനേക്കാൾ ​ആരോ​ഗ്യപരമായ ​ഗുണങ്ങളും ഒട്ടനവധിയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.

പശുവിൻ പാലിൽ നിന്നുള്ള ചീസിനേക്കാൾ ആട്ടിൻ പാലിൽ നിന്നുള്ളത് കൂടുതൽ മൃദുവാണ്. ആടിന്റെ ചീസിൽ ലാക്ടോസ് കുറവാണ്. പശുവിന്റെ ചീസിൽ കൊഴുപ്പ് കൂടുതലുളളതിനാൽ ദഹിക്കാൻ പ്രയാസമാണ്. എന്നാൽ ആടിൽ പോഷകപരമായ ധാതുക്കളും കൊഴുപ്പുകളുമാണ് കൂടുതലുളളത്.

പശുവിന്റെ ചീസുമായി താരതമ്യപ്പെടുത്തുമ്പോൾ ആടിന്റെ ചീസിൽ കൂടുതൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. റൈബോഫ്ലേവിൻ, വിറ്റാമിൻ കെ, എ, നിയാസിൻ, ഫോളേറ്റ് എന്നിവയാൽ സമ്പുഷ്ടമാണ് ആടിന്റെ പാലിൽ നിന്നുമുളള ചീസ്. ഇത് രക്തം കട്ടപിടിക്കുന്നതിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും സഹായിക്കും.

ആടിന്റെ പാലിൽ നിന്നുണ്ടാക്കുന്ന ചീസിൽ മനുഷ്യശരീരം ഉൽപ്പാദിപ്പിക്കാത്ത ധാതുക്കൾ അടങ്ങിയിട്ടുണ്ട്. പശുവിൻ ചീസുമായി താരതമ്യപ്പെടുത്തുമ്പോൾ അതിൽ കൂടുതൽ മഗ്നീഷ്യം, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, ചെമ്പ് എന്നിവയുണ്ട്.

പശുവിൻ ചീസിനേക്കാൾ കൊഴുപ്പും കൊളസ്ട്രോളും കുറവാണ് ആടിന്റെ ചീസിൽ. ഫോസ്ഫറസ്, വിറ്റാമിൻ ബി2, പൊട്ടാസ്യം, പ്രോട്ടീൻ, കാൽസ്യം എന്നിവയും ധാരാളമുണ്ട്. ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുകയും കരളിനെ പോലും നശിപ്പിക്കുകയും ചെയ്യുന്നതിനാൽ ആടിന്റെ ചീസ് ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്.

പശുവിന്റെയും ആടിന്റെയും ചീസിൽ പൊതുവെ അടങ്ങിയിരിക്കുന്ന ഒരു തരം പ്രോട്ടീനാണ് കസീൻ. എന്നാൽ, ആടിന്റെ ചീസിൽ എ2 ബീറ്റാ കസീൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സു​ഗമമാക്കാൻ സഹായിക്കുന്നു. ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആടിന്റെ ചീസ് പ്രോബയോട്ടിക്സ്, ആരോ​ഗ്യകരമായ ബാക്ടീരിയകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് കുടലിന്റെ മൊത്തത്തിലുളള ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുകയും രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

ആടിന്റെ ചീസിൽ ഉയർന്ന അളവിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ എല്ലുകളുടെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.