കുട്ടികളിലെ പാല്‍ അലർജി; ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

വെബ് ഡെസ്ക്

അലര്‍ജികള്‍ പലവിധമുണ്ട്, മിക്കവാറും ഇവയ്ക്ക് കാരണമാകുന്നത് ചില ഭക്ഷണപദാര്‍ഥങ്ങളാണ്. നമ്മള്‍ ദിവസേന ഉപയോഗിക്കുന്ന പാല്‍ അലര്‍ജിയാകാറുണ്ടോ?

പാലും പാല്‍ ഉത്പന്നങ്ങളും ചിലരിലെങ്കിലും അലര്‍ജിക്ക് കാരണമാകുന്നുണ്ട്. കൂടുതലും ചെറിയ കുട്ടികളെയാണ് ഇത് ബാധിക്കുന്നത്.

പാലിലെ പ്രോട്ടീൻ ഘടകങ്ങളാണ് അലർജിക്ക്  കാരണമാകുന്നത്. പ്രോട്ടീനുകളോട് പ്രതിരോധ സംവിധാനം നെഗറ്റീവായി പ്രതികരിക്കുന്നതാണ് അലര്‍ജിക്ക് പിന്നില്‍.

പാലിലെ പ്രോട്ടീനുകളെ ശരീരം പ്രതിരോധിക്കാന്‍ ആരംഭിക്കുമ്പോള്‍ അലര്‍ജിക്ക് കാരണമാകുന്ന ഹിസ്റ്റാമിന്‍ എന്ന രാസവസ്തു ഉത്പാദിപ്പിക്കപ്പെടുന്നു.

പാല് കുടിച്ച് മിനിറ്റുകൾ മുതൽ മണിക്കൂറുകളോ ദിവസങ്ങളോ എടുക്കാം അലർജി ഉണ്ടാകാൻ. ചുമ, ശ്വാസം മുട്ടല്‍, ശരീരത്തിലുണ്ടാകുന്ന തടിപ്പുകള്‍, ഛര്‍ദി, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍.

കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഉടന്‍തന്നെ ശിശുരോഗവിദഗ്ധന്റെ സഹായം തേടണം.

മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ സോയ മില്‍ക്ക് ബേബി ഫോര്‍മുലയോ ഹൈപ്പോ അലര്‍ജിക് ഫോര്‍മുലകളോ നിർദേശിക്കും.

മുലപ്പാലിന് പകരം മറ്റ് ഭക്ഷണങ്ങള്‍ കഴിച്ചുതുടങ്ങിയ കുട്ടികള്‍ക്ക് ഫോര്‍ട്ടിഫൈഡ് മില്‍ക്, സോയ മില്‍ക്, റൈസ് മില്‍ക്, ഓട്‌സ് മില്‍ക്, ബദാം മില്‍ക്, തേങ്ങാ പാല്‍ എന്നിവ കൊടുക്കാം.

പ്രോട്ടീന്‍, കാത്‍സ്യം, വിറ്റാമിന്‍ ഡി, റൈബോഫ്‌ലേവിന്‍ എന്നിവയാണ് പാലിലെ പ്രധാന പോഷകഘടകങ്ങള്‍. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് പാല്‍ അലര്‍ജിയുള്ള കുട്ടികള്‍ക്ക് ഇവയടങ്ങിയ ഭക്ഷണങ്ങള്‍ കൊടുക്കാന്‍ ശ്രദ്ധിക്കണം.

ലാക്ടോസ് ഇൻടോളറൻസും പാല്‍ അലര്‍ജിയും ഒന്നാണെന്ന് തെറ്റിദ്ധരിക്കാറുണ്ട് പലരും. ലാക്ടോസ് ഇന്‍ടോളറന്‍സ് എന്ന അവസ്ഥ പാലിലെ പ്രോട്ടീനുകള്‍ മൂലം അല്ല. ലാക്ടോസ് എന്ന കാർബോ ഹൈഡ്രേറ്റ് ഘടകം ദഹിപ്പിക്കുവാൻ  ആവശ്യമായ lactase enzyme കുറവ് വരുന്നതു മൂലം സംഭവിക്കുന്ന ഒന്നാണ് ലാക്ടോസ് ഇൻടോളറൻസ്. ഇത് ജന്മനാല്‍ തന്നെ വളരെ അപൂര്‍വമായി ചില കുട്ടികളില്‍ കാണാം.