വെബ് ഡെസ്ക്
പ്രത്യുൽപാദന ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നതിനാൽ സ്ത്രീകൾക്ക് സെർവിക്കൽ ആരോഗ്യം വളരെ നിർണായകമാണ്. സെർവിക്കൽ കാൻസറിനെക്കുറിച്ച് വളരെയധികം മിഥ്യാ ധാരണകൾ നമുക്കിടയിൽ നിലനിൽക്കുന്നുണ്ട്.
ഇത്തരം ധാരണകൾ കാൻസറിന് ചികിത്സ തേടുമ്പോഴും മറ്റു സന്ദർഭങ്ങളിലും നമ്മെ തെറ്റായി സ്വാധീനിച്ചേക്കാം. അതിനാൽ ഈ ധാരണകൾ ഇപ്പോൾ തന്നെ മാറ്റൂ...
എല്ലാ വർഷവും നിങ്ങൾ പാപ് ടെസ്റ്റ് ചെയ്യണം എന്നത് ഒരു മിഥ്യാ ധാരണയാണ്. പാപ് ടെസ്റ്റിലും എച്പിവി ടെസ്റ്റിലും അപാകതകൾ ഒന്നും ഇല്ലെങ്കിൽ പാപ് ടെസ്റ്റ് പിന്നീട് എല്ലാ വർഷവും എടുക്കേണ്ടതില്ല.
21 മുതൽ 30 വരെയുള്ള കാലഘട്ടങ്ങളിൽ മൂന്ന് വർഷം കൂടുമ്പോഴാണ് പാപ് ടെസ്റ്റ് എടുക്കേണ്ടത്. 30 മുതൽ 64 വയസ് വരെ പാപ് ടെസ്റ്റ് , എച്പിവി ടെസ്റ്റ് എന്നിവ ഓരോ അഞ്ച് വർഷത്തിലും ചെയ്യണം. ലൈംഗികമായി സജീവമാണെങ്കിൽ ഒരോ അഞ്ച് വർഷത്തിലും പാപ് ടെസ്റ്റ് എടുക്കുക.
ഒന്നിലധികം പങ്കാളികൾ ഉള്ളവർക്കാണ് എച്ച്പിവി പിടിപെടുക എന്നത് ഒരു മിഥ്യാധാരണയാണ്. എച്ച്പിവി അണുബാധ ഏകദേശം 80% പുരുഷന്മാർക്കും സ്ത്രീകൾക്കും ബാധിക്കാറുണ്ട്. എന്നാൽ എല്ലാവർക്കും ഇത് കാൻസർ ആകാറില്ല.
ചില കേസുകളിൽ എച്ച്പിവി അണുബാധകൾ സ്വയം ഭേദമായി പോകാറുണ്ട്. എന്നാൽ അണുബാധകൾ തുടരുകയാണെങ്കിൽ സെർവിക്കൽ, പെനൈൽ, ഓറൽ കാൻസർ എന്നിവ ഉൾപ്പടെ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.
സെർവിക്കൽ കാൻസർ ഉള്ളവർക്ക് ഒരു കുഞ്ഞിന് ജന്മം നല്കാൻ കഴിയില്ല എന്നതും തെറ്റായ ധാരണയാണ്. ഫെർട്ടിലിറ്റി സാധ്യമാക്കുന്ന ധാരാളം ചികിത്സ ഓപ്ഷനുകൾ ഇന്ന് ലഭ്യമാണ്. അണ്ഡം ഫ്രീസ് ചെയ്ത് വയ്ക്കാനും സാധിക്കും.
സെർവിക്കൽ കാൻസർ പാരമ്പര്യമായി ഉണ്ടാകുന്നതല്ല. സ്തനാർബുദം, അണ്ഡാശയ കാൻസർ തുടങ്ങിയവ പാരമ്പര്യമായി ഉണ്ടാകുന്നതാണെങ്കിലും സെർവിക്കൽ കാൻസർ അങ്ങനെയല്ല. എച്ച്പിവി അണുബാധ മൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്.
ലൈംഗിക ബന്ധത്തിലൂടെയാണ് എച്ച്പിവി അണുബാധകൾ പകരുക. സെർവിക്കൽ കാൻസറിന്റെ കാരണം അജ്ഞാതമാണെന്ന ധാരണയും തെറ്റാണ്.