വെബ് ഡെസ്ക്
കോവിഡ് 19ന്റെ സബ് വകഭേദം ജെഎൻ.1 ഇന്ത്യയിൽ അതിവേഗം പടരുകയാണ്. ആശങ്കയല്ല പ്രതിരോധമാണ് വേണ്ടതെന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്. രോഗങ്ങൾ പടർന്ന് പിടിക്കാന്‍ സാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും കഴിയുന്നത്ര മുൻകരുതലുകൾ എടുക്കാനുമുള്ള സമയമാണിത്
കോവിഡ് സംക്രമണ സാധ്യത കൂടുതലുള്ള സ്ഥലങ്ങൾ ഏതൊക്കെയാന്നെന്ന് നോക്കാം
വിമാനത്താവളങ്ങൾ
ലൊകമെമ്പാടുമുള്ള യാത്രക്കാർ സ്ഥിരം എത്തുന്ന സ്ഥലമായതിനാൽ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. വിമാത്താവളങ്ങളിലേക്ക് പോകുമ്പോള്‍ നിർബന്ധമായും മാസ്ക് ധരിക്കണം. കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം
സ്കൂൾ
സ്കൂളുകളിൽ കുട്ടികൾ അശ്രദ്ധരായിരിക്കും. രോഗം പിടിപെടാൻ സാധ്യത കൂടുതലുള്ളതും കുട്ടികൾക്കാണ്. അതിനാൽ അവശ്യ മുൻകരുതലുകൾ എടുത്തുവേണം കുട്ടികളെ സ്കൂളിലേക്ക് വിടാന്‍. പനിയോ മറ്റ് അസ്വസ്ഥകളോ ഉണ്ടെങ്കിൽ കഴിവതും കുട്ടികളെ സ്കൂളിലേക്ക് വിടാതിരിക്കാം
പൊതു ഗതാഗതങ്ങൾ
ബസ്, മെട്രോ, ട്രെയിൻ തുടങ്ങി ആളുകൾ സ്ഥിരം ഉപയോഗിക്കുന്ന പൊതുഗതാഗതങ്ങളിൽ ഉയർന്ന അപകടസാധ്യതയാണുള്ളത്. പൊതുഗതാഗതം ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ കൃത്യമായി കൈകൾ സാനിറ്റൈസ് ചെയ്യുകയും നിർബന്ധമായും മാസ്ക് ധരിക്കുകയും വേണം
മാൾ, ഫുഡ് മാർട്, കടകൾ, ഷോപ്പിങ് കോംപ്ലക്സ്
ഇവയെല്ലാം ഹോട്ട്സ്പോട്ടുകളാണ്. രോഗം പിടിപെടാനുള്ള സാധ്യത ഏറെയുള്ളതിനാൽ അസ്വസ്ഥകളുണ്ടെങ്കിൽ പൊതുയിടങ്ങളിൽ പോകുന്നത് ഒഴിവാക്കണം. നിലവിലെ സാഹചര്യത്തിൽ കുട്ടികളെയും പ്രായമായവരെയും കഴിവതും കൂടെ കൂട്ടാതിരിക്കുക
ഭക്ഷണശാലകൾ, കോഫി ഷോപ്പ്, കഫേ
പൊതു ഇടമായതിനാലും ഭക്ഷണം കഴിക്കുന്ന സ്ഥലമായതിനാലും രോഗം പിടിപെടാനുള്ള അവസരങ്ങൾ ഹോട്ടലുകളിലും കഫെകളിലും കൂടുതലാണ്. ഉപരിതലങ്ങൾ, പാത്രങ്ങൾ, മെനു കാർഡ്, ഇവയെല്ലാം വഴി അണുബാധയുണ്ടായേക്കാം
ഓഫീസ് പരിസരം
ധാരാളം ആളുകൾ വളരെ അടുത്തിരുന്ന് ജോലി ചെയ്യുന്ന ഇടമാണ് ഓഫീസുകൾ. അതിനാൽ മുൻകരുതൽ അത്യാവശ്യമാണ്
ആശുപത്രികൾ
വിവിധ തരത്തിലുള്ള രോഗികള്‍ ആശുപത്രിയില്‍ ദിനംപ്രതി എത്തുന്നുണ്ട്. ആശുപത്രി നടപടികൾ കർശനമാക്കിയില്ലെങ്കിൽ പകർച്ചവ്യാധികൾ പടരാൻ സാധ്യത കൂടുതലാണ്
ജിമ്മുകൾ
ഒരേ ഉപകരണങ്ങൾ ആളുകൾ പല തവണ ഉപയോഗിക്കുന്നതും അമിതമായി വിയർക്കുകയും ശ്വസിക്കുകയും ചെയ്യുന്നതിനാലും ജിമ്മുകൾ ഒരു പ്രധാന ഹോട്ട്സ്പോട്ടാണ്
സംഗീത നിശകൾ, പൊതുപരിപാടികൾ
ആളുകൾ തിക്കി തിരക്കി നിൽക്കുന്ന അന്തരീക്ഷമായതിനാൽ, രോഗം അധികം പേരിലേക്ക് പടരാനുള്ള ഉയർന്ന അപകടസാധ്യതയാണുള്ളത്