ആർത്തവം സാധാരണയെക്കാൾ കഠിനമാണോ , കാരണങ്ങൾ ഇതാവാം

വെബ് ഡെസ്ക്

ആർത്തവവും, അതുമായി ബന്ധപ്പെട്ട ശാരീരിക - മാനസിക അസ്വസ്ഥതകളും പലർക്കും പല തരത്തിലാണ്. ആർത്തവത്തിന്റെ ആദ്യം ദിനം മിക്കവാറും പേർക്ക് കനത്ത രക്തസ്രാവം ഉണ്ടാകാറുണ്ട്. അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോള്‍ ഇത് കുറഞ്ഞ് വരുന്നു.

എന്നാൽ നിങ്ങളുടെ പതിവ് ദിനചര്യകൾ തടസ്സപ്പെടുത്തുന്ന അമിതമായ രക്തസ്രാവം അസാധാരണമാണ്.ചില മാസങ്ങളിൽ ആർത്തവകാലത്തെ അസ്വസ്ഥതകൾ കൂടുതല്‍ കഠിനമാകാറുണ്ട്.

ആർത്തവചക്രം ക്രമരഹിതമാകുക, അമിത രക്തസ്രാവം , ശാരീരിക അസ്വസ്ഥതകൾ എന്നിവ ഇതിൽപ്പെടുന്നു. ഇത്തരം മാറ്റങ്ങളുടെ പ്രധാന കാരണങ്ങൾ എന്താണെന്ന് നോക്കാം.

മരുന്നുകൾ : ചില മരുന്നുകളുടെ ഉപയോഗം ശരീരത്തിലെ രക്തം കട്ടപിടിക്കാതിരിക്കാൻ കാരണമാകും. ഇത് രക്തയോട്ടത്തെ പ്രതികൂലമായി ബാധിക്കുകയും ആർത്തവം ക്രമരഹിതമാക്കുകയും ചെയ്യുന്നു.

ഗർഭധാരണം ഒഴിവാക്കാനുള്ള മരുന്നുകള്‍: ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുമ്പോൾ ഹോർമോൺ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് നമ്മുടെ ആർത്തവചക്രത്തെ ബാധിക്കുന്നു. അതിനാൽ അടുത്ത മാസങ്ങളിൽ ആർത്തവം കൂടുതൽ കഠിനമാകാൻ സാധ്യതയുണ്ട്.

ഹോർമോൺ പ്രശ്നങ്ങൾ : ആർത്തവത്തെ ഏറ്റവും അധികം സ്വാധീനിക്കുന്നത് ശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്‌ട്രോൺ ഹോർമോണുകളാണ്. ഇത് ശരീരത്തിൽ സന്തുലിതാവസ്ഥയിൽ ആയിരിക്കും. ഇവയുടെ അളവിലുള്ള മാറ്റങ്ങൾ അമിത രക്തസ്രാവത്തിന് കാരണമാകും.

ഹൈപ്പോതൈറോയിഡിസം : തൈറോയിഡ് ഗ്രന്ഥി ആവശ്യത്തിനുള്ള ഹോർമോൺ ഉത്പാദിപ്പിക്കാതിരിക്കുകയോ തൈറോയിഡ് പ്രവർത്തനരഹിതം ആയിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇത് ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാവുകയും ആർത്തവത്തെ ബാധിക്കുകയും ചെയ്യുന്നു.

ആർത്തവിരാമത്തോടടുക്കുമ്പോൾ : ആർത്തവവിരാമത്തോടടുക്കുമ്പോൾ പല തരത്തിലുമുള്ള ഹോർമോണ്‍ മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാകും. ഇതിന്റെ ഭാഗമായി അമിത രക്തസ്രാവവും ഉണ്ടാകുന്നു.

അഡിനോമിയോസിസ് : ഗർഭാശയത്തിന് മുകളിൽ ഉള്ള എൻഡോമെട്രിയം എന്ന സ്തരം വളർന്ന് പേശികളായി മാറുന്ന അവസ്ഥയാണ് അഡിനോമിയോസിസ്. ഈ അവസ്ഥ ഗർഭാശയത്തിൻറെ വീക്കം, വ്രണങ്ങൾ എന്നിവക്ക് കാരണമാകുന്നു. ഇത് ആർത്തവ സമയത്ത് അമിതമായ രക്തസ്രാവവും വേദനയും ഉണ്ടാക്കുന്നു.

പിസിഒഎസ് : പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകും. ഇത് ക്രമരഹിതമായ ആർത്തവം , ഭാരക്കൂടുതൽ, തീരെ ആർത്തവം ഇല്ലാത്ത അവസ്ഥ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.

ഗർഭച്ഛിദ്രം : ഗർഭഛിദ്രം ഉണ്ടായതിന് തൊട്ടുപിന്നാലെയുള്ള മാസങ്ങളിൽ കനത്ത രക്തസ്രാവം ഉണ്ടാകുന്നത് പതിവാണ്.

ഇൻട്രാ യൂട്രസ് ഡിവൈസ് ( ഐയുഡി) : കോപ്പർ ടി പോലുള്ള ഗർഭ നിരോധന മാർഗങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പാർശ്വഫലമായി പലപ്പോഴും അമിത രക്തസ്രാവം ഉണ്ടാകാറുണ്ട്. എന്നാൽ കുറച്ച് മാസങ്ങൾക്കുള്ളിൽ ഈ അവസ്ഥയിൽ നിന്ന് മാറ്റം വരും .