വെബ് ഡെസ്ക്
മഴക്കാലം തുടങ്ങിയതോടെ പല തരത്തിലുള്ള അസുഖങ്ങള്‍ക്കും തുടക്കമായിരിക്കുകയാണ്. നനഞ്ഞതും ഈര്‍പ്പമുള്ളതുമായ സാഹചര്യങ്ങള്‍ അണുബാധകള്‍ക്കും കാരണമാകാറുണ്ട്. ഈ സാഹചര്യത്തില്‍ നമ്മള്‍ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുകയും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടതും അത്യാവശ്യമാണ്. എങ്ങനെയൊക്കെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാമെന്ന് നോക്കാം.
രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തുളസി. ആയുര്‍വേദത്തില്‍ പേരു കേട്ട തുളസി ഔഷധഗുണങ്ങളാല്‍ സമ്പന്നമാണ്.
രോഗപ്രതിരോധ വ്യവസ്ഥയുടെ സുപ്രധാന ഘടകങ്ങളായ ടി ഹെല്‍പ്പര്‍ സെല്ലുകളുടെയും നാച്ചുറല്‍ കില്ലര്‍ കോശങ്ങളുടെയും പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ തുളസി സഹായിക്കുന്നു. തുളസി ഇല നേരിട്ട് കഴിക്കുകയോ ചായയിലും സൂപ്പുകളിലും കറികളിലും ഉള്‍പ്പെടുത്തുകയോ ചെയ്യുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ഇഞ്ചി. ശരീരത്തിലെ പോഷകങ്ങള്‍ എത്തിക്കാന്‍ സഹായിക്കുകയും ജലദോഷം, പനി തുടങ്ങിയവ അകറ്റാനും തുളസി വളരെധികം സഹായിക്കുന്നു.
ചായ, സൂപ്പ്, തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇഞ്ചി ചേര്‍ത്ത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
കുരുമുളകാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു വസ്തു. ആന്റിഓക്സിഡന്റിനും ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ക്കും പേരുകേട്ട കുരുമുളക് നിങ്ങളില്‍ അസുഖം വരാനുള്ള സാധ്യത കുറയ്ക്കുന്നു.
നമ്മുടെ അടുക്കളയിലെ ഒഴിവാക്കാനാകാത്ത ഒന്നാണ് കറിവേപ്പില. രോഗപ്രതിരോധ ശേഷി വര്‍ധിക്കാന്‍ ഇത് വളരെയധികം നിങ്ങളെ സഹായിക്കുന്നു. ലിനാലൂള്‍, ആല്‍ഫ-ടെര്‍പിനീന്‍, മൈര്‍സീന്‍, മഹാനിംബിന്‍, കാരിയോഫില്ലിന്‍, മുറയനോള്‍, ആല്‍ഫ-പിനീന്‍ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കറികളിലും സൂപ്പുകളിലും പയര്‍ വിഭവങ്ങളിലും ഉള്‍പ്പെടുത്തി കറിവേപ്പില ഉപയോഗിക്കാം.
ചെറുനാരങ്ങ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമാണ് ചെറുനാരങ്ങ. ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും രോഗങ്ങള്‍ തടയുന്നതിനും ഇത് സഹായിക്കും.