പുരുഷന്മാരിലെ വന്ധ്യത ചെറുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

വെബ് ഡെസ്ക്

ജീവിതരീതികൾ മെച്ചപ്പെടുത്തിയാൽ ഒരു പരിധി വരെ വന്ധ്യതയെ ചെറുക്കാനാകും. പുരുഷന്മാരിൽ വന്ധ്യതാകേസുകൾ കൂടിവരുന്ന സാഹചര്യമാണ് ഇന്നുള്ളത് എന്ന് ആരോഗ്യമേഖലയിലുളള വിദ​ഗ്ധർ പറയുന്നു. പ്രധാനമായും മാറിവന്ന ജീവിതസാഹചര്യങ്ങളാണ് ഇതിന് കാരണമാകുന്നതെന്നും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.

ശരീരത്തിന് വ്യായാമം ആണ് പ്രധാനമായും വേണ്ടത്. ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറയുന്നത് ബീജോത്പാദനത്തെയും ബീജത്തിൻ്റെ ഗുണമേന്മയെയുമെല്ലാം ബാധിക്കാം. കായികമായ പ്രവർത്തനങ്ങളിലൂടെ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉയർത്താൻ കഴിയും.

പുരുഷ വന്ധ്യതക്കിടയാക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്​ പുകവലി. പുകവലിക്കുന്നവരിൽ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണ്. ബീജോത്പാദനം, ബീജത്തിൻറെ ഗുണമേന്മ, ഘടന എന്നിങ്ങനെയുള്ള കാര്യങ്ങളെയെല്ലാം പുകവലി ബാധിക്കാറുണ്ട്.

മദ്യപാനവും പുരുഷ വന്ധ്യതയ്ക്ക് കാരണമാകും. മദ്യപിക്കുന്നവരുടെ രക്​തത്തിലെ ആൽക്കഹോൾ സാന്നിധ്യം മൂലം ബീജോത്​പാദനവും ബീജസംഖ്യയും കുറയും. ചലനശേഷിയും ബീജത്തിന്​ കുറവായിരിക്കും. പുരുഷ വന്ധ്യത തടയാൻ മദ്യപാനവും ഒഴിവാക്കിയേ തീരൂ.

ഭക്ഷണക്രമത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആൻറി-ഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങൾ നിത്യവും കഴിയ്ക്കുന്നവയിൽ ഉൾപ്പെടുത്തുക. ഭക്ഷണത്തിലൂടെ ആൻറി-ഓക്സിഡൻറുകൾ ലഭ്യമാക്കാൻ സാധിക്കാത്തവർക്ക് ഡോക്ടറുടെ നിർദേശത്താൽ സപ്ലിമെൻറ്സും എടുക്കാം.

ഭക്ഷണം പാകം ചെയ്യുന്നതിൽ ഒലിവ് ഓയിൽ ഉപയോ​ഗിക്കുന്നത് ആരോ​ഗ്യകരമായ കൊഴുപ്പ് ശരീരത്തിൽ നിലനർത്താൻ കഴിയും

പൊടിക്കാതെയുളള ധാന്യങ്ങളും മത്സ്യം, ചിക്കൻ, ഇലക്കറികൾ, ഫ്രഷ് ഫ്രൂട്ട്സ്, ബദാം ഉൾപ്പെടെയുളളവ ഡയറ്റിലുൾപ്പെടുത്തി ഭക്ഷണം സമഗ്രമാകാൻ ശ്രദ്ധിക്കുക.

വൈറ്റമിൻ-സിയുടെ അഭാവവും ചിലരിൽ വന്ധ്യതാ സാധ്യത കൂട്ടാറുണ്ട്. വൈറ്റമിൻ-സി ഭക്ഷണത്തിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക. സിട്രസ് ഫ്രൂട്ട്സ്, മഞ്ഞയും ഓറഞ്ചും നിറത്തിൽ തൊലി വരുന്ന മറ്റ് പഴങ്ങൾ, പച്ചക്കറികളെല്ലാം വൈറ്റമിൻ സിയാൽ സമ്പന്നമാണ്. ഡോക്ടറുടെ നിർദേശപ്രകാരം വൈറ്റമിൻ-സി സപ്ലിമെൻറ്സും ഉപയോഗിക്കാവുന്നതാണ്.

പുരുഷബീജത്തി​ൻറെ എണ്ണവും ഗുണവും കുറയുന്നതിൽ മാനസിക സമ്മർദ്ദത്തിന്​ വലിയ പങ്കുണ്ട്​. കഴിയുന്നതും മാനസിക സമ്മർദ്ദം ഉണ്ടാകാൻ ഇടയുളള ജീവിതചുറ്റുപാടുകളിൽ നിന്നും മാറി ജീവിക്കാൻ ശ്രമിക്കുക. മാനസിക സമ്മർദ്ദം കുറയ്ക്കാനായി പാട്ട്​, വ്യായാമം, യോഗ പോലുളളവ നിത്യവും ശീലമാക്കുക.