വെബ് ഡെസ്ക്
കഴുത്തിന്റെ മുന്‍വശത്തായി സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. നമ്മുടെ ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങൾ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്.
കാരണങ്ങള്‍
പാരമ്പര്യം, അയഡിന്റെ കുറവ്, തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന ചിലതരം മുഴകള്‍, തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡികള്‍, അണുബാധ, റേഡിയേഷന്‍, തലച്ചോറിലെയോ പിറ്റ്യൂട്ടറി ഗ്രന്ഥിയിലെയോ തകരാറുകള്‍ എന്നിവയാണ് തൈറോയ്ഡ് രോഗങ്ങളുടെ പ്രധാന കാരണങ്ങള്‍.
ഹൈപ്പോ തൈറോയ്ഡിസം
തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവുമൂലം ഹോർമോണുകൾ കുറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. കുട്ടികളിലെ ഹൈപ്പോ തൈറോയ്ഡിസം വളര്‍ച്ച മുരടിക്കല്‍, ബുദ്ധിമാന്ദ്യം തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.
തണുപ്പിനോടുള്ള അസഹിഷ്ണുത, സന്ധികളില്‍ വേദന, പേശിവലിവ്, വിഷാദരോഗം, അമിതവണ്ണം, വരണ്ടചര്‍മ്മം, മുടികൊഴിച്ചില്‍, മലബന്ധം, കൈകാല്‍തരിപ്പ്, പരുക്കന്‍ശബ്ദം, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുക, ആര്‍ത്തവം ക്രമമല്ലാതാകുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
ഹൈപ്പര്‍ തൈറോയ്ഡിസം
തൈറോയ്ഡ് ഹോര്‍മോണിന്റെ അമിതോത്പാദനമാണ് ഹൈപ്പര്‍ തൈറോയ്ഡിസം. പിറ്റ്യൂട്ടറി ഗ്രന്ഥിയിലും തൈറോയ്ഡ് ഗ്രന്ഥിയിലും വരുന്ന മുഴകള്‍, കാന്‍സര്‍ എന്നിവയും ഇതിന് കാരണമാകാം.
ചൂട് സഹിക്കാനാകാത്ത അവസ്ഥ, ഹൃദയമിടിപ്പ് കൂടുക, ശരീരം മെലിയുക, മുടികൊഴിച്ചില്‍, അമിതദാഹം, വിശപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
തൈറോയ്‌ഡ് കാൻസർ
വളരെ ചുരുക്കമായി കാണപ്പെടുന്ന രോഗാവസ്ഥയാണ് തൈറോയ്‌ഡ് കാൻസർ. മുൻപേയുള്ള രോഗനിർണയത്തിലൂടെ 95 ശതമാനം രോഗികളെയും സുഖപ്പെടുത്താം. സ്‌ത്രീകളിലാണ് തൈറോയ്‌ഡ് കാൻസർ കൂടുതലായി കാണപ്പെടുന്നത്.
കഴുത്തില്‍ ഒരു മുഴയോ മുഴകളുടെ കൂട്ടമോ പ്രത്യക്ഷപ്പെടുക, മുഴയുടെ വലിപ്പം കൂടുക, ശ്വാസതടസം, ആഹാരം ഇറക്കുന്നതിന് ബുദ്ധിമുട്ട്, ശബ്ദം നഷ്ടപ്പെടുക എന്നിവയാണ് ലക്ഷണങ്ങൾ
രോഗനിർണയം
ടിഎസ്എച്ച്, ടി3, ടി4 ഹോർമോൺ പരിശോധനയും അള്‍ട്രാസൗണ്ട് സ്‌കാനിങ്ങുമാണ്. എഫ്എന്‍എസി, തൈറോഗ്ലോബുലിന്‍, ടിപിഒ. ആന്റിജന്‍ തുടങ്ങിയ സങ്കീര്‍ണപരിശോധനകള്‍ ചില രോഗികള്‍ക്ക് ആവശ്യമായിവരാം.
തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനത്തിനായി ആവശ്യമുള്ള പ്രധാന ഘടകമാണ് അയഡിനാണ്. അതിനാല്‍ അയഡിൻ അടങ്ങിയ ഭക്ഷണങ്ങൾ, കടൽ വിഭവങ്ങൾ എന്നിവ നിത്യവും കഴിക്കുക.