പ്രമേഹത്തിന്റെ അസാധാരണ ലക്ഷണങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

പ്രമേഹത്തെ 'നിശ്ശബദ കൊലയാളി'യെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ തുടങ്ങിയവ പ്രമേഹത്തിന്റെ പ്രധാന അടയാളങ്ങളാണെങ്കിലും എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടാത്ത പല ലക്ഷണങ്ങളും പ്രമേഹത്തിനുണ്ട്.

ചര്‍മത്തിലെ മാറ്റങ്ങൾ

ശരീരത്തിനുള്ളിൽ നടക്കുന്ന മാറ്റങ്ങളുടെ സൂചന പലപ്പോഴും പ്രകടമാകുന്നത് ചര്‍മത്തിലൂടെയാണ്. പ്രമേഹലക്ഷണമായി ശരീരത്തിൽ കറുത്ത പാടുകളുണ്ടാകാം. പ്രത്യേകിച്ച് കഴുത്ത്, കക്ഷങ്ങൾ തുടങ്ങിയ ഇടങ്ങളിൽ.

ഇടയ്ക്കിടെ അണുബാധകളുണ്ടാവുക

നിരന്തരമുണ്ടാകുന്ന അണുബാധ പ്രമേഹത്തിന്റെ ലക്ഷണമാകാം. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും. ഇത് മൂത്രനാളിയിലും ചര്‍മത്തിലും അണുബാധയ്ക്ക് കാരണമാകും.

പെരിയോഡോണ്ടൈറ്റിസ്

മോണരോഗത്തിന്റെ ഗുരുതരമായ രൂപമായ പെരിയോഡോണ്ടൈറ്റിസ് പ്രമേഹമുള്ളവരിൽ കൂടുതലായി കാണപ്പെടുന്നു. മോണകൾ പല്ലിൽനിന്ന് അകന്നുപോകുക, വായ്‌നാറ്റം, മോണയിലെ രക്തസ്രാവം തുടങ്ങിയവ കണ്ടാൽ ദന്ത ഡോക്ടറെ കണ്ട് പരിശോധന നടത്തുക

കാഴ്ചയിലെ മാറ്റം

പ്രമേഹം കാഴ്‌ചയിൽ താത്കാലിക മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. അവ്യക്തമായി കാണുകയോ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയോ ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. പെട്ടെന്ന് ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധനെ കാണുക.

കേൾവിയിൽ മാറ്റം

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് അകത്തെ ചെവിയിലെ ചെറിയ രക്തക്കുഴലുകൾക്കും ഞരമ്പുകൾക്കും കേടുണ്ടാക്കുന്നു. ഇത് കേൾവിക്കുറവ് അല്ലെങ്കിൽ ചില ആവൃത്തിയിൽ കേൾക്കാൻ ബുദ്ധിമുട്ട് എന്നിവയുണ്ടാക്കുന്നു.

കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കൽ

ഇത് സാധാരണയാണെങ്കിലും ചിലപ്പോൾ ഈ ശീലങ്ങൾ പ്രമേഹത്തിന്റെ ലക്ഷണമായിരിക്കാം. വളരെ പെട്ടെന്ന് ഇങ്ങനെ ഉണ്ടാവുകയോ സാധാരണ പ്രായത്തിനപ്പുറം തുടരുകയോ ചെയ്‌താൽ ഡോക്ടറെ സമീപിക്കുക.

മാനസികാവസ്ഥയിൽ മാറ്റങ്ങൾ

പ്രമേഹം ശരീരത്തെ മാത്രമല്ല, മനസികാവസ്ഥയെയും മാനസിക ക്ഷേമത്തെയും ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ മൂഡ് സ്വിങ്സ്, ദേഷ്യം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങളിലേക്ക് വരെ നയിച്ചേക്കാം.

ഒപ്പം കൈകാലുകളിലെ ഇക്കിളി, മരവിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാകാം. ഇത്തരം സാഹചര്യം സാധാരണയിൽ കവിഞ്ഞ് ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ ഡോക്ടറെ കാണാം.