വെബ് ഡെസ്ക്
സൺസ്ക്രീൻ ഉപയോഗിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണെന്ന് എപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍, എന്തിനാണ് സൺസ്ക്രീൻ, എന്തൊക്കെ ശ്രദ്ധിക്കണം എന്നതിലൊക്കെ പലർക്കും സംശയമുണ്ട്. ചർമത്തിന്റെ ആരോഗ്യവും മനോഹാരിതയും നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് എല്ലാ ദിവസവും സൺസ്ക്രീൻ ഉപയോഗിക്കുക എന്നത്.
അപകടകരമായ സൂര്യരശ്മികളിൽ നിന്ന് ചർമത്തെ സൺസ്ക്രീൻ സംരക്ഷിക്കുന്നു. കൂടാതെ, ചർമാർബുദം, ഫോട്ടോ ഏജിങ്(ചർമം വളരെ നേരത്തെ പ്രായമാകുന്നത്), വരണ്ട ചർമം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ചർമാർബുദം
നേരിട്ട് ശരീത്തിൽ സൂര്യപ്രകാശമേൽക്കുന്നത് ചർമാർബുദത്തിന് കാരണമായേക്കാം. സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികൾ നേരിട്ട് ചർമത്തിൽ പതിക്കുന്നത് ചർമകോശങ്ങൾ തകരാറിലാക്കും.
ഫോട്ടോ ഏജിങ്
അൾട്രാവയലറ്റ് രശ്മികൾ ചർമത്തിലെ കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ തകർച്ചയ്ക്ക് കാരണമാകുന്നു. ഇത് ചർമത്തിൽ വരകൾ, ചുളിവുകൾ, പിഗ്മെന്റേഷൻ, ചർമം തൂങ്ങികിടക്കുക തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും.
വരണ്ട ചർമം
അൾട്രാവയലറ്റ് രശ്മികൾ ചർമത്തിൽ പതിക്കുന്നത് വഴി സ്ട്രാറ്റം കോർണിയത്തിന് (ചർമത്തിന്റെ ഏറ്റവും പുറം പാളി) കേടുവന്നേക്കാം. സ്ട്രാറ്റം കോർണിയത്തിന്റെ ഈർപ്പം നഷ്ടപ്പടുന്നതിനും കട്ടിയാകുന്നതിനും പിന്നിലിതാണ്. ഇതുമൂലം ചർമം പരുക്കനും വരണ്ടതുമായി മാറാം.
ബ്രോഡ്-സ്പെക്ട്രം സൺസ്ക്രീൻ ആണ് ഉപയോഗിക്കേണ്ടതെന്നാണ് വിദഗ്ധാഭിപ്രായം. ചർമത്തെ ദോഷകരമായി ബാധിക്കുന്ന UVA (അൾട്രാവയലറ്റ് എ വികിരണം), UVB (അൾട്രാവയലറ്റ് ബി വികിരണം) എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനാണിത്. UVB രശ്മികളാണിതില്‍ കഠിനം.
സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ എന്നാണ് എസ്പിഎഫ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. 30 SPF,അല്ലെങ്കിൽ അതിൽ കൂടുതലുള്ളത് വേണം ഉപയോഗിക്കാൻ. ഇത് സൂര്യരശ്മികളിൽ നിന്ന് ഏകദേശം 97% സംരക്ഷണം നൽകുന്നു.
എസ്പിഎഫ് 30 ഉള്ള ഒരു സണ്‍സ്‌ക്രീനാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ നിങ്ങളുടെ ചർമം എത്ര വേഗത്തിലാണോ സൂര്യപ്രകാശം ഏറ്റു കരുവാളിക്കുന്നത് അതിനേക്കാള്‍ 30 മടങ്ങ് കൂടുതല്‍ സംരക്ഷണം നല്‍കുമെന്നാണർഥം.
കഠിനമായ ചൂടുള്ളപ്പോള്‍ മാത്രമാണ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത് എന്നത് തെറ്റായ ധാരണയാണ്. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. വെയിലില്ലാത്ത ദിവസങ്ങളിലും അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ പതിക്കുന്നുണ്ട്.
സണ്‍സ്‌ക്രീന്‍ ദിവസം മുഴുവന്‍ സംരക്ഷണം നല്‍കുമെന്നതും തെറ്റായ ധാരണയാണ്. രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് സണ്‍സ്‌ക്രീന്‍ പ്രവര്‍ത്തിക്കുക. അതുകൊണ്ട് സൺസ്ക്രീൻ ബാഗില്‍ കരുതി പലതവണയായി ഉപയോഗിക്കണം.