വെബ് ഡെസ്ക്
ശരീരത്തിന് ഏറെ ആവശ്യമുള്ള വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ബി 6. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിനും ചർമ്മത്തിന്റെ സംരക്ഷണത്തിനും വിറ്റാമിൻ ബി 6 ഏറെ പ്രധാനമാണ്
പിറിഡോക്സിൻ എന്ന് വിളിക്കപ്പെടുന്ന വിറ്റാമിൻ ബി 6 നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ശരീരത്തിന് ആവശ്യമായ ഊർജമാക്കി മാറ്റുന്നതിന് സഹായിക്കും
കേന്ദ്ര നാഡീവ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തിന് പിറിഡോക്സിൻ ആവശ്യമാണ്. ഡോപാമൈൻ, സെറോടോണിൻ, മെലറ്റോണിൻ എന്നിവ സമന്വയിപ്പിക്കാൻ സഹായിക്കുന്നതിലൂടെ വിറ്റാമിൻ ബി 6 തലച്ചോറിന്റെ പ്രവർത്തനത്തെ സുഗമമാക്കുന്നു. വിഷാദം, മൂഡ് സ്വിങ്സ് അടക്കമുളള പ്രശ്നങ്ങളുടെ പരിഹാരത്തിനും വിറ്റാമിൻ ബി 6 ആവശ്യമാണ്
രക്തത്തിലെ ഹീമോഗ്ലോബിന്റെ സന്തുലിതാവസ്ഥാ നിലനിർത്തുന്നതിന് വളരെ അത്യന്താപേക്ഷിതമായ ഒന്നാണ് വിറ്റാമിൻ ബി 6. ശരീരത്തിനാവശ്യമായ ഓക്സിജൻ നിർവഹണത്തിന് സഹായിക്കുന്ന രക്തത്തിലെ ചുവന്ന രക്താണുക്കളുടെ തോത് വർധിപ്പിക്കുന്നതിന് സഹായിക്കും
ശരീരത്തിന് ആവശ്യമായ രോഗപ്രതിരോധശേഷി നൽകുന്നത് വിറ്റാമിൻ ബി 6 ആണ്. ഇതിന്റെ അഭാവം വിളർച്ചയും വായിലും ചർമ്മത്തിലും അണുബാധ ഉണ്ടാകുന്നതിനും ഇടയാക്കും
തലച്ചോറിലേക്കുളള ന്യൂറോണുകളുടെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നത് വിറ്റാമിൻ ബി 6 ആണ്. ഇതിന്റെ അഭാവം ഉറക്കമില്ലായ്മ, അപസ്മാരം അടക്കമുളള പ്രശ്നങ്ങളിലേക്ക് നയിക്കും
വിറ്റാമിൻ ബി 6 അഭാവം വരണ്ട ചർമ്മത്തിനും ചർമ്മത്തിലെ ചൊറിച്ചിലിനും കാരണമാകും
വിറ്റാമിൻ ബി-6 ന്റെ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ നമ്മൾ എപ്പോഴും ശ്രദ്ധിക്കണം. പാൽ, മുട്ട, മാംസം തുടങ്ങിയവയിൽ ധാരാളം വിറ്റാമിൻ ബി-6 അടങ്ങിയിട്ടുള്ളതിനാൽ നിത്യഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുക. വിറ്റാമിൻ ബി-6 ന്റെ സമ്പന്നമായ ഉറവിടമാണ് മത്സ്യം. രണ്ട് മുട്ടകൾ വിറ്റാമിൻ ബി 6-ന്റെ പ്രതിദിന മൂല്യത്തിന്റെ 10 ശതമാനവും പ്രോട്ടീനും മറ്റ് പോഷകങ്ങളും നൽകുന്നു.
ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടുത്തുക. കാരറ്റ്, ചീര, ഗ്രീൻ പീസ്, വാഴപ്പഴം, ചെറുപയർ, മധുരക്കിഴങ്ങ്, അവോക്കാഡോ എന്നിവയൊക്കെ ദിവസവും കഴിക്കുന്നത് നല്ലതാണ്. നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണക്രമം സ്വീകരിച്ചാൽ വിറ്റാമിൻ ബി 6 ന്റെ അഭാവം പരിഹരിക്കാനാകും