ആരോഗ്യവും തിളക്കവുമാർന്ന ചർമത്തിന് വിറ്റാമിൻ ഇ; അറിയാം ഗുണങ്ങൾ

വെബ് ഡെസ്ക്

വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല ചർമസംരക്ഷണത്തിനും ഏറെ ഗുണം ചെയ്യും. പല രോഗങ്ങളെയും അകറ്റി നിർത്തുന്നതോടൊപ്പം ആരോഗ്യവും തിളക്കവുമാർന്ന ചർമം നിലനിർത്തുന്നതിനും ഈ ഭക്ഷണങ്ങൾ സഹായിക്കും

ദിവസേനയുള്ള ഡയറ്റിൽ വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതോടൊപ്പം രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുകയും ചർമത്തിന്റെ യുവത്വവും തിളക്കവും നിലനിർത്തുകയും ചെയ്യും

ചർമ സൗന്ദര്യം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ ഇവയാണ്

ചീര

വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ പച്ച ഇലക്കറികളിൽ പ്രാധാന്യമേറിയതാണ് ചീര. ശരീരഭാരം കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉത്തമം. വിറ്റാമിനുകളായ എ, സി, കെ, അയൺ, ഫോളേറ്റ് എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ ചീരയിൽ അടങ്ങിയിട്ടുണ്ട്

അവോക്കാഡോ

ചർമത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് അവോക്കാഡോ. ആന്റിഓക്‌സിഡന്റുകൾ, ഒമേഗ -9, വിറ്റാമിൻ സി, ബി, എ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ചർമത്തിന്റെ ആരോഗ്യത്തിന് ഫലപ്രദമായ ഘടകമാണ് അവോക്കാഡോ. സൂര്യതാപം ഏറ്റ പാടുകൾ, പ്രായമാകുമ്പോഴുണ്ടാകുന്ന ചുളിവുകൾ, മുഖക്കുരു എന്നിവയ്‌ക്കെതിരെ ഇവ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്

ബദാം

ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ പോഷകങ്ങളുടെ കലവറയാണ് ബദാം. ഇവയിലടങ്ങിയിട്ടുള്ള ബി കോംപ്ലക്‌സ് വിറ്റാമിനുകൾ പല ചർമ പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നു. മുഖക്കുരു, കറുത്തതും വെള്ള നിറത്തിലുള്ളതുമായ പാടുകള്‍ എന്നിവ കുറയ്ക്കാനും ബദാം ഫലപ്രദമാണ്. ബദാമിലുള്ള ഫാറ്റി ആസിഡുകള്‍ ചർമത്തിലെ എണ്ണമയം നിയന്ത്രിക്കാനും ഉത്തമം

ബ്രൊക്കോളി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ബ്രൊക്കോളി ചര്‍മത്തിലെ ചുളിവുകള്‍ തടയാനും കൊളാജിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ബ്രോക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവ അടങ്ങിയ ഭക്ഷണമാണ് ബ്രൊക്കോളി

സൂര്യകാന്തി വിത്തുകൾ

വിറ്റാമിൻ ഇ, മഗ്നീഷ്യം, സിങ്ക്, വിറ്റാമിൻ ബി 1, സെലിനിയം എന്നിവ സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. തിളക്കമുള്ള ചര്‍മം നിലനിര്‍ത്തുവാനും തലമുടി കൊഴിയുന്നത് തടയുവാനും ഇവ ഉത്തമം

നിലക്കടല

പോഷകാഹാരത്തിന്റെ ശക്തികേന്ദ്രമാണ് നിലക്കടല അഥവാ കപ്പലണ്ടി. കൊഴുപ്പ്, പ്രോട്ടീൻ, ഫൈബർ, പൊട്ടാസ്യം, ഫോസ്ഫറസ്, ബി വിറ്റാമിനുകൾ, മഗ്നീഷ്യം എന്നിവയുടെ ഉറവിടമാണ് നിലക്കടല. കൂടാതെ, ചർമത്തിൽ ജലാംശം നിലനിർത്താൻ ആവശ്യമായ ഫാറ്റി ആസിഡുകൾ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കനും ഇവ സഹായകമാണ്