വെബ് ഡെസ്ക്
നിരവധി രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ള കാലവസ്ഥയാണ് മഴക്കാലം. ഈ സമയത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ രോഗാണുക്കള്‍ വ്യാപകമായി പെരുകാന്‍ സാധ്യതയുണ്ട്.
നഖങ്ങളിലും ചര്‍മത്തിലുമാണ് മഴക്കാലത്ത് കൂടുതല്‍ അണുബാധയേല്‍ക്കുക. എന്നാല്‍ വായ,തൊണ്ട, മൂത്രനാളി, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിലും സാധാരണയായി അണുബാധ ഉണ്ടാകാറുണ്ട്
ചര്‍മം ചൊറിഞ്ഞ് തടിക്കുക, കുമിളകള്‍ ഉണ്ടാവുക, ചുവപ്പ് നിറത്തില്‍ കാണപ്പെടുക തുടങ്ങിയവയാണ് രോഗബാധയുണ്ടാല്‍ കൂടുതലായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലത്ത് അണുബാധയേല്‍ക്കാതെ ചര്‍മത്തെ സംരക്ഷിക്കാന്‍ സാധിക്കും.
കുളികഴിഞ്ഞ് മടക്കുകളിലെ വെള്ളം തുടച്ചുമാറ്റുക
കുളിച്ചു കഴിഞ്ഞ് ടവ്വല്‍ കൊണ്ട് ദേഹം തുടച്ചാലും മടക്കുകളില്‍ വെള്ളം നിലനില്‍ക്കുന്നതായി കാണാം. ഈ ഭാഗത്തുള്ള ഈര്‍പ്പം നന്നായി തുടച്ച് നീക്കണം. ഇല്ലെങ്കില്‍ അവിടെ അണുക്കള്‍ നിലനില്‍ക്കും.
കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
മഴക്കാലത്ത് പലപ്പോഴും നനഞ്ഞായിരിക്കും ഓഫീസിലേക്കും കോളേജിലേക്കുമൊക്കെ പോകേണ്ടി വരിക. അതിനാല്‍ മഴക്കാലത്ത് കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഈര്‍പ്പം വലിച്ചെടുത്ത് ശരീരത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്ന അവസ്ഥ ഇല്ലാതാക്കും.
വര്‍ക്ക് ഔട്ട് കഴിഞ്ഞാല്‍ ഉടന്‍ ധരിച്ച വസ്ത്രം മാറുക
വേനല്‍ക്കാലത്ത് വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ നന്നായി വിയര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പെട്ടെന്ന് ധരിച്ച വസ്ത്രങ്ങള്‍ മാറുന്നവരാണ് പലരും. എന്നാല്‍ മഴക്കാലത്ത് വിയര്‍പ്പ് കുറവായതിനാല്‍ വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ധരിച്ച വസ്ത്രങ്ങള്‍ മാറ്റാതിരുന്നേക്കാം. ഇത് അണുബാധയുണ്ടാകാന്‍ കാരണമാകും. അതിനാല്‍ മഴക്കാലത്തും വര്‍ക്ക് ഔട്ട് കഴിഞ്ഞാല്‍ ഉടന്‍ ധരിച്ച വസ്ത്രം മാറണം.
വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട ശേഷം ധരിക്കുക
മഴക്കാലത്ത് വസ്ത്രങ്ങള്‍ ഉണങ്ങാന്‍ വലിയ താമസമാണ്. അതുകൊണ്ട് തന്നെ പൂര്‍ണമായും ഈര്‍പ്പം മാറാത്ത വസ്ത്രങ്ങള്‍ ധരിക്കേണ്ടതായി വരാറില്ലേ. ഈ സാഹചര്യങ്ങളില്‍ വസ്ത്രങ്ങള്‍ നല്ല ചൂടില്‍ ഇസ്തിരിയിട്ട് മാത്രം ധരിക്കുക. ഇത് വസ്ത്രത്തില്‍ തങ്ങി നില്‍ക്കുന്ന അണുക്കളെ നശിപ്പിക്കും.
അടിവസ്ത്രങ്ങള്‍ അലക്കി അയേണ്‍ ചെയ്തത് ഉപയോഗിക്കുക
അടിവസ്ത്രങ്ങളിലെ ലൈനിങുള്ള ഭാഗം അണുബാധകള്‍ക്ക് വളരാന്‍ പറ്റിയ സാഹചര്യമാണ്. അതിനാല്‍ അടിവസ്ത്രങ്ങള്‍ ദിവസവും അലക്കി അയേണ്‍ ചെയ്തതിന് ശേഷം മാത്രം ധരിക്കുക.
അണുബാധയുള്ള ഭാഗങ്ങളില്‍ സ്റ്റിറോയ്ഡ് ക്രീമുകള്‍ പുരട്ടരുത്
അണുബാധയേറ്റ ഭാഗങ്ങളില്‍ സ്റ്റിരോയ്ഡ് അടങ്ങിയ ക്രീമുകള്‍ പുരട്ടുന്നത് ഇതുമൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ വര്‍ധിപ്പിക്കാന്‍ കാരണമാകും. തുടക്കത്തില്‍ സ്റ്റിറോയ്ഡ് പുരട്ടുമ്പോള്‍ ലക്ഷണങ്ങള്‍ കുറയുന്നതായി കണ്ടാലും പിന്നീട് വര്‍ധിക്കാന്‍ ഇടയാവും. അണുബാധയുണ്ടായാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.