മാനസികാരോഗ്യ പ്രശ്‌നങ്ങള്‍: സുഹൃത്തുക്കളെ പിന്തുണയ്ക്കാനുള്ള മാര്‍ഗങ്ങളിതാ

വെബ് ഡെസ്ക്

മാനസിക അസ്വസ്ഥതകളാല്‍ കഷ്ടപ്പെടുന്നവരെ ചേര്‍ത്ത് പിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അവര്‍ക്ക് ശരിയായ പിന്തുണ നല്‍കുകയും വേണം. എന്നാല്‍ അത് സാധാരണ സംസാരിക്കുന്നത് പോലെ മതിയാകില്ല. അതിന് മുമ്പായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്

മാനസിക രോഗങ്ങള്‍ പലതരത്തിലാണ്. രോഗികളുമായി ഇടപഴകുന്നതിന് മുമ്പ് അവരുടെ രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്

പുസ്തകങ്ങളും ലേഖനങ്ങളും വായിച്ചോ മാനസികാരോഗ്യ വിദഗ്ധരുമായി സംസാരിച്ചോ അവരുടെ രോഗത്തെക്കുറിച്ച് കൂടുതലറിയുക. ഈ അറിവുകള്‍ അവരോട് കൂടുതല്‍ സഹാനുഭൂതിയോടെ പെരുമാറാനും അവര്‍ക്ക് സഹായകരമായ രീതിയില്‍ പിന്തുണ നല്‍കാനും പ്രാപ്തരാക്കുന്നു

മുന്‍വിധികളില്ലാതെ അവരെ ശ്രദ്ധയോടെ കേള്‍ക്കുക. അവരുടെ ചിന്തകളും വികാരങ്ങളും തുറന്ന് പറയാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നത് അവരുടെ മനസ്സിന് ആശ്വാസം നല്‍കുന്നതാണ്

അവര്‍ക്കായി സമയം ചിലവഴിക്കുക. അവരോട് അധികമൊന്നും സംസാരിച്ചില്ലെങ്കിലും, നിങ്ങളുടെ സാന്നിദ്ധ്യം അവര്‍ക്ക് ആശ്വാസകരമായേക്കാം. കൂടാതെ അവരുടെ പ്രിയപ്പെട്ട ഹോബികളില്‍ പങ്കെടുക്കാനും, അവര്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കുന്നതിന് അവര്‍ക്കൊപ്പം സമയം ചിലവഴിക്കാനും മറക്കരുത്

അനുകമ്പയുള്ളവരായിരിക്കുക എന്നതാണ് പ്രധാനം. മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക. നിന്ദ്യമായ ഭാഷയോ പരിഹസിക്കുന്ന കമന്റുകളോ ഉപയോഗിക്കരുത്

സഹാനുഭൂതിയോടെയും വിവേചനരഹിതവുമായ രീതിയില്‍ സംസാരിക്കുന്നതിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കാര്യങ്ങള്‍ തുറന്ന് പറയാനുള്ള സുരക്ഷിതമായ അന്തരീക്ഷം നിങ്ങള്‍ക്ക് തന്നെ സൃഷ്ടിക്കാന്‍ കഴിയും

അവരുടെ സ്വകാര്യതയെ മാനിക്കുക. ഒരാള്‍ക്ക് ഒറ്റയ്ക്ക് കുറച്ച് സമയം ചിലവഴിക്കാന്‍ ആവശ്യമായി വന്നേക്കാം എന്ന് തിരിച്ചറിയുക. സമ്മര്‍ദ്ദം ചെലുത്തി അവരെ കൊണ്ട് സംസാരിപ്പിക്കാതിരിക്കുക

വൈദ്യസഹായം തേടാന്‍ അവരെ പ്രോത്സാപ്പിക്കണം. അവരുടെ രോഗത്തെ ഭേദപ്പെടുത്താന്‍ പ്രൊഫഷണല്‍ സഹായം തേടുന്നതില്‍ അവരെ പ്രേരിപ്പിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേക പരിചരണം നല്‍കാന്‍ കഴിയുന്ന ഒരു സപ്പോര്‍ട്ട് ഗ്രൂപ്പിനെയോ തെറാപ്പിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യണം