പ്രതിരോധ ശേഷി വർധിപ്പിക്കാം; ഭക്ഷണത്തിൽ ശീതകാല പച്ചക്കറികൾ ഉൾപ്പെടുത്തൂ

വെബ് ഡെസ്ക്

മഞ്ഞുകാലത്ത് നന്നായി വളരുന്നവയാണ് കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, ചീര, ഫ്രഞ്ച് ബീന്‍സ്, ബ്രൊക്കോളി തുടങ്ങിയ ശീതകാല പച്ചക്കറികൾ

ആന്റി ഓക്സിഡന്റുകളാലും പ്രതിരോധശേഷി വർധിപ്പിക്കുന്ന പോഷകങ്ങളാലും സമ്പുഷ്ടമാണ് ശീതകാല പച്ചക്കറികൾ. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന ശീതകാല പച്ചക്കറികൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം

ചീര

വിറ്റാമിൻ എ, ബി, സി, ഇ, കെ എന്നിവയടങ്ങിയ ഇലവർമാണ് ചീര. ആരോഗ്യത്തിന് ഉത്തമം. സിങ്ക്, അയൺ, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ ചീര എല്ലുകളെ ശക്തിപ്പെടുത്താനും കാഴ്ചശക്തി കൂട്ടാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. അതുപോലെ, രക്തസമ്മര്‍ദം കുറയ്ക്കാനും ഹീമോ​​ഗ്ലോബിന്റെ അളവ് കൂട്ടാനും ചീര വളരെ നല്ലതാണ്

കാരറ്റ്‌

കലോറി കുറവുള്ള, ഫെെബർ ധാരാളം അടങ്ങിയ പച്ചക്കറിയാണ് കാരറ്റ്‌. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും കാഴ്ച ശക്തി കൂട്ടാനും സഹായിക്കുന്ന ബീറ്റ-കരോട്ടിൻ, വിറ്റാമിനുകൾ എന്നിവയടങ്ങിയതാണ് കാരറ്റ്‌

ബീറ്റ്‌റൂട്ട്

കലോറി കുറവുള്ള ബീറ്റ്‌റൂട്ടിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും നല്ലതാണ് ബീറ്റ്‌റൂട്ട്

മുള്ളങ്കി

വിറ്റാമിൻ സി, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവയടങ്ങിയ പച്ചക്കറിയാണ് മുള്ളങ്കി. പ്രമേഹത്തെ പ്രതിരോധിക്കാനും രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നിലനിർത്താനും മുള്ളങ്കി സഹായിക്കും. മുള്ളങ്കി കഴിക്കുന്നതിലൂടെ ക്യാൻസർ സാധ്യത വരെ കുറയുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്

ബ്രൊക്കോളി

ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന ശീതകാല പച്ചക്കറിയാണ് ബ്രോക്കോളി. ധാരാളം നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ജലദോഷം, ചുമ, തുമ്മൽ എന്നിവയെ അകറ്റി നിർത്താനും കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും വളരെ നല്ലതാണ് ബ്രോക്കോളി

ക്യാബേജ്

വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയടങ്ങിയ ശീതകാല പച്ചക്കറികളിലൊന്നാണ് കാബേജ്. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ദഹനത്തിനും മികച്ചതാണ്

കോളിഫ്ളവർ

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ശീതകാല പച്ചക്കറിയാണ് കോളിഫ്ളവർ. വിറ്റമിൻ സി ധാരാളമടങ്ങിയതിനാൽ ഇവ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. കൂടാതെ, കോളിഫ്ളറിൽ ഫോളിക് ആസിഡ്, വിറ്റമിൻ ബി6, ബി5, ഒമേഗ3 ഫാറ്റി ആസിഡ്, നാരുകൾ, അയൺ, കാത്സ്യം എന്നിവയും ധാരാളമായുണ്ട്