ഇന്ന് ലോക ശ്വാസകോശ ദിനം; അറിയാം പ്രത്യേകതകളും നിര്‍ദേശങ്ങളും

വെബ് ഡെസ്ക്

ശ്വാസകോശത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന് വേണ്ടി ലോകമെമ്പാടും സെപ്റ്റംബര്‍ 25 ശ്വാസകോശദിനമായി ആചരിക്കുന്നു. ആരോഗ്യകരമായ ശ്വാസകോശത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കാനും ഈ ദിവസം ഉപയോഗിക്കുന്നു.

എല്ലാവര്‍ക്കും ചികിത്സയും പ്രതിരോധവും ഉറപ്പാക്കുകയെന്നതാണ് ഇത്തവണത്തെ ശ്വാസകോശ ദിനത്തിന്റെ പ്രമേയം.

പ്രൊഫഷണല്‍ ശ്വാസകോശ ആരോഗ്യ സംഘടനകളുടെ കൂട്ടായ്മയായ ഫോറം ഓഫ് ഇന്റര്‍നാഷണല്‍ റെസ്പിറേറ്ററി സൊസൈറ്റീസിന്റെ(എഫ്‌ഐആര്‍എസ്) രൂപീകരണത്തോടെയാണ് ശ്വാസകോശ ദിനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്.

ആദ്യമായി ലോക ശ്വാസകോശ ദിനം ആചരിച്ചത് 2018ലാണ്. ശ്വാസകോശ രോഗങ്ങളും അവയെ ചെറുക്കുന്നതിന് വേണ്ടിയും നടത്തിയ കാംപയിനിലൂടെയാണ് ആദ്യമായി ശ്വാസകോശ ദിനം ആചരിക്കുന്നത്. ശ്വാസകോശ ദിനത്തില്‍ ശ്രദ്ധിക്കേണ്ട ശ്വാസകോശ സംബന്ധിയായ രോഗ സാധ്യത കുറയ്ക്കാന്‍ പല ശീലങ്ങളും ഉപേക്ഷിക്കാന്‍ നമുക്ക് ശ്രമിക്കാം.

പുകവലി ഒഴിവാക്കുക

ശ്വാസകോശ രോഗത്തിനുള്ള സാധ്യത വരാതിരിക്കാന്‍ പുകവലി ഒഴിവാക്കാന്‍ ശ്രമിക്കുക. പുകവലി ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസും (സിഒപിഡി) ശ്വാസകോശ കാന്‍സറും വരാന്‍ കാരണമാകുന്നു. പുകവലി ഉപേക്ഷിക്കുന്നതിലൂടെ ഈ രോഗങ്ങളെ ഒരു പരിധി വരെ തടയും.

വ്യായാമം ചെയ്യുക

കൃത്യമായ വ്യായാമവും ശാരീരിക പ്രവര്‍ത്തനങ്ങളും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാനും ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ മാറാനും സഹായിക്കുന്നു. നടത്തം, നീന്തല്‍, ജോഗിങ്ങ്, സൈക്കിളിങ് തുടങ്ങിയ വ്യായാമങ്ങള്‍ ശ്വാസകോശാരോഗ്യത്തിന് നല്ലതാണ്.

ആരോഗ്യപരമായ ഡയറ്റ് പ്ലാന്‍ ഉണ്ടായിരിക്കുക

പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീനുകള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ആന്റിഓക്‌സിഡന്റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ പോഷകങ്ങള്‍ ശ്വാസകോശത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ വരുന്നതില്‍ നിന്നും നമ്മെ രക്ഷിക്കുന്നു

ഉയര്‍ന്ന അളവിലുള്ള വായു മലിനീകരണമുള്ള പ്രദേശങ്ങള്‍ സന്ദർശിക്കുന്നത് ഒഴിവാക്കുക, വീടിനുള്ളില്‍ എയര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കുക, പൊടിപടലങ്ങളുമായോ രാസവസ്തുക്കളുമായോ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് ശ്വാസകോശത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു