സ്നേഹിക്കാം കരളിനെ; ഇന്ന് ലോക ഫാറ്റി ലിവര്‍ ഡേ

വെബ് ഡെസ്ക്

ഇന്ന് ജൂൺ 08, ലോക ഫാറ്റി ലിവര്‍ ഡേ. ജീവിത ശൈലി രോഗങ്ങളിലൊന്നാണ് ഇന്ന് ഫാറ്റി ലിവറും. നിരവധി പേരാണ് ഈ അസുഖത്താല്‍ വലയുന്നത്.

എന്താണ് ഫാറ്റി ലിവര്‍?

അമിതമായ തോതില്‍ കൊഴുപ്പ് കരളില്‍ അടിഞ്ഞു കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍.

രണ്ട് തരത്തിലാണ് രോഗമുണ്ടാകുന്നത്. പൊതുവേ മദ്യപാനികളില്‍ കണ്ടു വരുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവറും മദ്യപിക്കാത്തവരില്‍ കാണപ്പെടുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറും. സ്ഥിരമായി മദ്യപിക്കുന്നവരില്‍ 90 ശതമാനം പേരിലും ഈ രോഗാവസ്ഥ കാണപ്പെടുന്നു.

മദ്യപാനം കൊണ്ടു മാത്രമല്ല ജീവിത ശൈലിയിലെ ക്രമക്കേടുകള്‍ കൊണ്ടും അസുഖം ബാധിക്കുന്നതാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍.

കരള്‍ സംബന്ധമായ പല രോഗങ്ങളുടേയും ആദ്യ ലക്ഷണമായും ഫാറ്റി ലിവര്‍ കാണാറുണ്ട്.

ചില മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും ഫാറ്റി ലിവർ വരാനുളള സാധ്യത കൂട്ടും.

ലക്ഷണങ്ങള്‍

കരള്‍ രോഗങ്ങളില്‍ പലപ്പോഴും തുടക്കത്തില്‍ പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. മിക്കവാറും രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് ലക്ഷണങ്ങള്‍ പുറത്തുവരിക.

അടിവയറ്റില്‍ വേദന, തലചുറ്റല്‍, ക്ഷീണം, അസ്വസ്ഥത, ഭാരക്കുറവ് എന്നിവ ചിലര്‍ക്ക് അനുഭവപ്പെടാറുണ്ട്.

ചികിത്സ

കൃത്യമായ ഭക്ഷണവും വ്യായാമവും ഉണ്ടെങ്കില്‍ രോഗം നിയന്ത്രിക്കാന്‍ സാധിക്കും. ലക്ഷണങ്ങള്‍ കണ്ടാലുടനെ ഡോക്ടറുടെ സഹായം തേടണം.

മധുര പലഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക. അമിതവണ്ണമുള്ളവർക്ക് ഫാറ്റി ലിവർ വരാമെന്നത് തെറ്റിദ്ധാരണയാണ്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ബാധിതരില്‍ 34 ശതമാനം പേര്‍ക്ക് മാത്രമേ അമിതവണ്ണം കണ്ടെത്തിയിട്ടുള്ളൂ.

മദ്യപാനികള്‍ക്ക് മാത്രം വരുന്ന രോഗമല്ലെങ്കിലും മദ്യപാനം ഒഴിവാക്കുന്നത് ആല്‍ക്കഹോളിക് ഫാറ്റി ലിവറില്‍ നിന്ന് സംരക്ഷിക്കും.

എണ്ണ കടികള്‍ പൂര്‍ണമായും ഒഴിവാക്കുക. രോഗം കരളിനെ ബാധിക്കുന്നതാണെങ്കിലും പ്രമേഹം, അമിത രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, വൃക്കരോഗം എന്നിങ്ങനെ പലതുമായും ഫാറ്റി ലിവർ ബന്ധപ്പെട്ടിരിക്കുന്നു.