വെബ് ഡെസ്ക്
ഉറക്കം ഒരാളുടെ ശാരീരിക - മാനസിക ആരോഗ്യത്തിന്റെ അടിത്തറയാണ്. ശരിയായ ഉറക്കമില്ലാതെ ഊര്‍ജവും ഉന്മേഷവും നിലനിര്‍ത്താനാകില്ല.
ഉറക്കത്തെ ആഘോഷിക്കുക എന്നതാണ് ലോക നിദ്രാ ദിനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഉറക്കത്തിന്റെ പ്രാധാന്യം, ഉറക്കമില്ലായ്മയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം അവബോധം സൃഷ്ടിക്കാനുള്ള ദിവസം.
'ഉറക്കം ആരോഗ്യത്തിന് അത്യാന്താപേക്ഷിതം' എന്നതാണ് 2023 ലോക നിദ്രാ ദിനത്തിന്റെ പ്രമേയം. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഉറക്കം എത്രത്തോളം അനിവാര്യമാണെന്ന അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
എല്ലാ വർഷവും മാർച്ചിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ചയാണ് ലോക നിദ്രാ ദിനം ആഘോഷിക്കുന്നത്. ഗ്ലോബൽ സ്ലീപ്പ് സൊസൈറ്റിയുടെ ശാഖയായ വേൾഡ് സ്ലീപ്പ് ഡേ കമ്മിറ്റി 2008 മുതലാണ് ലോക നിദ്രാ ദിനം ആഘോഷിക്കാന്‍ തുടക്കമിട്ടത്.
ആരോഗ്യമുള്ള ഒരാൾ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. കൃത്യമായ സമയം ഉറങ്ങാൻ സാധിക്കുന്നില്ലെങ്കിൽ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. പല സാധാരണ ഉറക്ക പ്രശ്നങ്ങൾക്കും ചികിത്സകൾ ലഭ്യമാണ്.
കൃത്യമായ ഉറക്കം ലഭിക്കാത്തത് ഇൻസോംനിയ , നാർകോലെപ്സി, സ്ലീപ് അപ്നിയ , റെസ്റ്റ് ലെസ് ലെഗ് സിൻഡ്രോം തുടങ്ങിയ പല രോഗങ്ങളിലേക്കും നയിക്കും.
ദൈർഘ്യമേറിയ ജോലി സമയം, യാത്രകൾ, സമ്മര്‍ദം തുടങ്ങിയവയൊക്കെ പലര്‍ക്കും ശരിയായ ഉറക്കം ലഭിക്കുന്നതിന് തടസമാകാറുണ്ട്.
ഇടത് വശം തിരിഞ്ഞ് കിടക്കുന്നതാണ് ഉറങ്ങുന്നതിന് ഏറ്റവും നല്ല പൊസിഷൻ. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കേണ്ട ശീലമാണ്. ഇത് നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കും.