വെബ് ഡെസ്ക്
ബന്ധങ്ങളിൽ പലപ്പോഴും വില്ലനാകാറുള്ളത് പങ്കാളികളുടെ ദേഷ്യമാണ്. അനിയന്ത്രിതമായ ദേഷ്യം ചിലപ്പോൾ നിങ്ങളുടെ ബന്ധങ്ങളെ തന്നെ ശിഥിലമാക്കും. അമിതമായി ദേഷ്യപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ദേഷ്യം നിയന്ത്രിക്കുകയെന്നതാണ് ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്താൻ ഏറ്റവും ഉത്തമം
ചെറിയ പ്രശ്നങ്ങളിൽപോലും സാധനങ്ങൾ വലിച്ചെറിയുകയും പരിസരം മറന്ന് ശബ്ദമുയർത്തി സംസാരിക്കുകയുമൊക്കെ ചെയ്യുന്ന പലരും നമുക്കു ചുറ്റുമുണ്ട്. വളരെ സാധാരണമായ ഒരു വികാരം മാത്രമാണ് ദേഷ്യം. അത് നിങ്ങൾക്ക് നിയന്ത്രിക്കാൻ സാധിച്ചാൽ ഏതൊരു ബന്ധവും ദൃഢമായി നിലനിർത്താം. ദേഷ്യം എങ്ങനെയൊക്കെ നിയന്ത്രിച്ചു നിർത്താം എന്നതാണ് നമ്മൾ പഠിക്കേണ്ടത്
ഇടയ്ക്കിടെയുണ്ടാകുന്ന അനിയന്ത്രിതമായ കോപം വലിയൊരു തർക്കത്തിലേക്കും തീവ്രവുമായ പ്രശ്നങ്ങളിലേക്കും നിങ്ങളെ നയിച്ചേക്കാം. സന്തുഷ്ടമായ ബന്ധം നിലനിർത്താൻ ഇത് വെല്ലുവിളിയാണ്
ദേഷ്യം സാഹചര്യങ്ങൾ വഷളാക്കുകയും ബന്ധം നശിപ്പിക്കുകയും ചെയ്യും. പക്വതയോടെയും ശാന്തമായും പ്രതികരിക്കുന്നത് കൂടുതൽ സമാധാനപരവും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ ബന്ധങ്ങൾക്ക് സഹായിക്കും
ദേഷ്യപ്പെട്ട് നിൽക്കുന്ന സമയങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ തെറ്റാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എടുത്ത തീരുമാനമോർത്ത് പിന്നീട് ഖേദിക്കേണ്ടി വന്നേക്കാം
മനസ്സ് അസ്വസ്ഥമാകുമ്പോഴോ ദേഷ്യപ്പെട്ട് നിൽക്കുമ്പോഴോ ചാടിക്കയറി തീരുമാനങ്ങൾ എടുക്കാതിരിക്കുക. ദേഷ്യം കെട്ടടങ്ങിയ ശേഷം സ്വസ്ഥമായി ഇരുന്ന്, ആലോചിച്ച് മാത്രം തീരുമാനങ്ങൾ കൈകൊള്ളുക
നമ്മുടെ ദേഷ്യം പങ്കാളിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിച്ചേക്കാം. പരിഹരിക്കപ്പെടാത്ത സംഘർഷങ്ങളിൽ നിന്നുള്ള സമ്മർദ്ദവും പിരിമുറുക്കവും വൈകാരിക ക്ഷീണത്തിനും ബന്ധത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നതിനും ഇടയാക്കും
വഴക്കിനിടയിൽ പങ്കാളികളിൽ രണ്ടുപേരുടെയും കോപം അതിരുവിട്ടാൽ പ്രശ്നങ്ങൾ ഒരുകാലത്തും പരിഹരിക്കപ്പെടാതെ പോകും. ഫലപ്രദമായ കോപ നിയന്ത്രണം ആരോഗ്യകരമായ സംഘർഷ പരിഹാരത്തിന് സഹായിക്കുന്നു
ഒരു പ്രതികൂല സാഹചര്യത്തോട് ശാന്തമായി പ്രതികരിക്കുന്നതിന് അർത്ഥം നിങ്ങളുടെ പങ്കാളിയെ ബഹുമാനിക്കുന്നുവെന്നതാണ്. കൂടാതെ നിങ്ങളുടെ ബന്ധത്തിന് നൽകുന്ന മൂല്യം എത്രത്തോളമാണ് എന്നതിന് കൂടിയുള്ള തെളിവാണത്