വെബ് ഡെസ്ക്
വെള്ളം ഭക്ഷണം പോലെ തന്നെ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. ഭക്ഷണം കഴിച്ചതു കൊണ്ടു മാത്രമായില്ല. കഴിയ്ക്കുന്ന ഭക്ഷണം ശരിയായ വിധത്തിൽ ദഹിക്കാനും ശരീരത്തിൽ ആഗിരണം ചെയ്യപ്പെടാനും വെളളം അത്യാവശ്യമാണ്.
വെള്ളം തിളപ്പിച്ചു കുടിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. വെള്ളത്തിൽ കൂടി പകരുന്ന അസുഖങ്ങൾ ധാരാളമുണ്ട്. വെള്ളത്തിലെ ബാക്ടീരികളെയും രോഗാണുക്കളെയും അകറ്റാൻ തിളപ്പിച്ച വെള്ളം കുടിക്കുകയാണ് നല്ലത്.
വെള്ളം തിളപ്പിക്കുമ്പോൾ ശരീരത്തിന് ഗുണകരമായതും രുചികിട്ടുന്നതുമായ എന്തെങ്കിലും ഇട്ടു തിളപ്പിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
വെള്ളത്തിൽ ചേർത്തു തിളപ്പിക്കുന്നതിൽ പതിമുഖം പ്രധാനപ്പെട്ട ഒന്നാണ്. മൂത്രത്തിലെ പഴുപ്പും അണുബാധയുമെല്ലാം അകറ്റാൻ അത്യുത്തമമാണ് ഇത്. ആന്റിഓക്‌സിഡന്റ് ഗുണം അടങ്ങിയ ഇവയ്ക്ക് ശരീരത്തിലെ ഫ്രീ റാഡിക്കൽ പ്രവർത്തനം തടഞ്ഞ് കോശങ്ങൾക്കുണ്ടാകുന്ന നാശം തടയാൻ സഹായിക്കും.
ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കും. ശരീരത്തിലെ ജലാംശം നില നിർത്താനുള്ള നല്ലൊരു മരുന്നാണ് ഇഞ്ചി വെള്ളം. പ്രത്യേകിച്ചും വേനൽക്കാലത്ത് ഇതു കുടിക്കുന്നത് ഏറെ ഗുണം നൽകും. ലിവറിലെ ടോക്‌സിനുകൾ നീക്കുന്നതിനും ഇത് സഹായിക്കും.
തിളപ്പിക്കുന്ന വെളളത്തിൽ നെല്ലിക്ക ചേർക്കുന്നതും ആരോഗ്യപരമായി ഏറെ ഗുണങ്ങളാണുളളത്. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിർത്താനും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും രക്തശുദ്ധീകരണത്തിനും നെല്ലിക്ക ചതച്ചിട്ട വെളളം കുടിക്കുന്നത് നല്ലതാണ്.
ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പാനീയമാണ് ആപ്പിൾ സിഡർ വിനാഗിരി. ഇത് ചൂടുവെള്ളത്തിൽ ചേർത്ത് നന്നായി ഇളക്കി ഉറങ്ങുന്നതിനുമുൻപ് പതിവായി കുടിക്കുന്നത് ധാരാളം ഗുണങ്ങൾ ശരീരത്തിന് കിട്ടും. ശരീരഭാരം കുറയ്ക്കാനും വായ്‌നാറ്റം തടയാനും ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും നല്ല ഉറക്കം ലഭിക്കാനും മികച്ചതാണിത്.
ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒന്നാണ് കറുവാപ്പട്ട. നല്ല ദഹനത്തിനും ശരീരത്തിന്റെ തടി കുറയ്ക്കാനും വാതം, അണുബാധ, പ്രമേഹം തുടങ്ങിയ പല രോഗങ്ങൾ ഉള്ളവർക്കും ഏറെ ഗുണകരമാണ് കറുവാപ്പട്ട. ശരീരത്തിലെ ഫ്രീ റാഡിക്കൽ കോശങ്ങളുടെ നാശം തടയുന്നത് വഴി ക്യാൻസർ പോലുള്ള രോഗങ്ങളെ തടയാനും ഇത് ഏറെ നല്ലതാണ്.
പതിവായി കുടിക്കുന്ന പാനീയങ്ങളിൽ നാരങ്ങയ്ക്കും വലിയ പ്രാധാന്യമുണ്ട്. ദിവസവും ഒരു ഗ്ലാസ് നാരങ്ങ ചേർത്ത പാനീയം കുടിക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാനും വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയാനും രോഗപ്രതിരോധശേഷി കൂട്ടാനും കരൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനുംസഹായിക്കും
വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, റിബോഫ്ലേവിൻ, ബി -6, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക്, സിലിക്ക തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് കുക്കുമ്പർ. ശരീരത്തിൽ ജലാംശം നിലനിർത്താനും രക്ത സമ്മർദ്ദം കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ഇതിന് കഴിയും.
ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ജീരക വെള്ളം. ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.