ചെറുചൂടുള്ള എണ്ണ കൊണ്ട് തല മസാജ് ചെയ്യൂ; ഗുണങ്ങൾ ഏറെയാണ്

വെബ് ഡെസ്ക്

തലമുടിയിൽ എണ്ണ തേക്കുന്നത് പല‍ർക്കും ഇഷ്ടമുള്ള കാര്യമല്ല. സമയം കൂടുതലാകും മുടി എണ്ണമയമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായി കാണപ്പെടും തുടങ്ങിയ കാരണങ്ങൾ കൊണ്ടാണിത്. പക്ഷേ ആരോഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് എണ്ണ ആവശ്യമാണ്. പ്രത്യേകിച്ച് മുടികൊഴിച്ചിലിന് ഒരുത്തമ പരിഹാരിയാണ് ഹോട്ട്ഓയിൽ മസാജ്.

മുടികൊഴിച്ചിലിന് മാത്രമല്ല, ചെറു ചൂടുള്ള എണ്ണ തലയിൽ മസാജ് ചെയ്താൽ നിരവധി ഗുണങ്ങളുണ്ട്. ടെന്‍ഷന്‍, ഉത്കണ്ഠ, ക്ഷീണം എന്നിവയ്ക്ക് ഉള്‍പ്പെടെ ഒരു ഹെയര്‍ മസാജ് കൊണ്ട് പരിഹാരം കാണാം.

അകാല നര തടയുന്നു

തലയിൽ നരച്ച മുടികൾ കണ്ട് തുടങ്ങിയിട്ടുണ്ടെങ്കിൽ ചൂടുള്ള എണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് രോമകൂപങ്ങളെ പോഷിപ്പിക്കുകയും തിളങ്ങുന്ന കറുപ്പ് നിറം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഫോളിക്കിളുകളിലേക്കുള്ള മെച്ചപ്പെട്ട രക്തയോട്ടം മെലാനിൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും അകാല നര തടയുകയും ചെയ്യും.

ടെൻഷൻ കുറയ്ക്കുന്നു

ഒരു നീണ്ട ദിവസത്തെ ജോലിക്ക് ശേഷം തല മസാജ് ചെയ്യുന്നത് ടെൻഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു. ചൂടുള്ള എണ്ണ ഉപയോഗിക്കുന്നത് നിങ്ങൾക്ക് ആശ്വാസം നൽകുകയും തലവേദനയുടെ തീവ്രത കുറയ്ക്കുകയും ചെയ്യും. കഴുത്തിലും മുതുകിലും പിരിമുറുക്കമുണ്ടെങ്കിൽ, ചൂടുള്ള ഓയിൽ മസാജ് അതിൽ നിന്ന് ആശ്വാസം നൽകും.

രക്തസമ്മർദം കുറയ്ക്കുന്നു

തല മസാജ് ചെയ്യുന്നത് രക്തസമ്മർദം നിയന്ത്രിക്കാനും ഉയർന്ന രക്തസമ്മർദവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

മുടി വളർച്ച

ചൂടുള്ള എണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിയുന്നത് കുറയ്ക്കുകയും ചെയ്യും. മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ നിങ്ങളുടെ രോമകൂപങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.

ഓർമശക്തി മെച്ചപ്പെടുത്തുന്നു

ചൂടുള്ള എണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ പതിവായി മസാജ് ചെയ്യുന്നത് ഓർമശക്തി വർധിപ്പിക്കും. രക്തയോട്ടം മെച്ചപ്പെടുത്തുന്നതോടെ ഓർമശക്തി മെച്ചപ്പെടുത്തുകയും മികച്ച ഏകാഗ്രത ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.