സൗഹൃദ ദിനം നാളെ; ബോളിവുഡ് ആഘോഷിച്ച സിനിമകള്‍

വെബ് ഡെസ്ക്

സുഹൃത്തുക്കളില്ലാത്ത ജീവിതം എത്ര വിരസമായിരിക്കും അല്ലേ? രക്തബന്ധമില്ലെങ്കിലും ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ട ആളുകളാണ് നമുക്ക് സുഹൃത്തുക്കള്‍.

ഏത് സാഹചര്യത്തിലും ചേര്‍ത്ത് നിര്‍ത്തുകയും ആശ്വാസമാകുകയും ചെയ്യുന്ന നല്ല സുഹൃത്തുക്കളുടെ ദിനമാണ് നാളെ.

ഓഗസ്റ്റ്‌ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കുന്നത്.

നല്ല സൗഹൃദങ്ങള്‍ പ്രമേയമായി മികച്ച ചിത്രങ്ങളും വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. അങ്ങനെ ബോളിവുഡ് ആഘോഷിച്ച ചിത്രങ്ങളേതൊക്കെയാണെന്ന് നോക്കാം.

ത്രീ ഇഡിയറ്റ്‌സ്

ആത്മമിത്രത്തിനെ തേടിയുള്ള രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ത്രീ ഇഡിയറ്റ്‌സ്. ആമീര്‍ ഖാന്‍, മാധവന്‍, ഷര്‍മാന്‍ ജോഷി എന്നിവരാണ‍് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിച്ചോരെ

നിതേഷ് തീവാരി സംവിധാനം ചെയ്ത് 2019ല്‍ തീയറ്ററിലെത്തിയ ചിത്രവും സുഹൃദ്ബന്ധത്തെ കുറിച്ചായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കോളേജ് സുഹൃത്തുക്കള്‍ ഒത്തുകൂടുന്നതും അവര്‍ക്കിടയിലുണ്ടാകുന്ന രസകരമായ നിമിഷങ്ങളുമാണ് ചിത്രം പറയുന്നത്.

ദില്‍ ചാഹ്താ ഹേ

മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ദില്‍ ചാഹ്താ ഹേ പ്രദര്‍ശനത്തിനെത്തിയത് 2001ലാണ്. ആമിര്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹിന്ദിയിലെ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ആ വര്‍ഷം ചിത്രം സ്വന്തമാക്കി.

ഊഞ്ചെയ്

വാര്‍ധക്യത്തിലെത്തിയ മൂന്ന് സുഹൃത്തുക്കള്‍ തങ്ങളുടെ സുഹൃത്തിന്റെ ആഗ്രഹം നിറവേറ്റുന്നതിനായി എവറസ്റ്റ് കീഴടക്കാന്‍ പോകുന്ന കഥ പറയുന്ന ചിത്രമാണ് ഊഞ്ചെയ് . അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, ബൊമന്‍ ഇറാനി, ഡാനി ഡെന്‍സോങ്പ, പരിനീതി ചോപ്ര , നീന ഗുപ്ത , സരിക എന്നിവരെ അണി നിരത്തി സൂരജ് ആറാണ് ചിത്രം സംവിധാനം ചെയ്തത്.