വെബ് ഡെസ്ക്
കൈകാലുകളും മറ്റ് ശരീരഭാഗങ്ങളും പോലെ തന്നെ ശരിയായ പരിചരണം ആവശ്യമായ അവയവമാണ് ചെവി. ചെവിയിലെ ഇയർ കനാല്‍ അഥവാ കർണ്ണനാളം വൃത്തിയാക്കാനായി കോട്ടൺ ഇയർ ബഡ്ഡുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികവും
എന്നാൽ, ചെവിയ്ക്ക് ഉള്ളിൽ ഇയർ ബഡ്ഡുകൾ ഇടുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇതിലെ കോട്ടൺ ബഡ് അണുബാധയ്ക്ക് കാരണമാകും
പതിവായി ബഡ്ഡുകൾ ഉപയോഗിക്കുമ്പോൾ ചെവിയിലെ മെഴുക് ഉള്ളിലേക്ക് തള്ളാൻ സാധ്യതയുണ്ട്. ഇത് കർണ്ണപുടത്തിന് ചുറ്റും അടിഞ്ഞുകൂടുകയും ചെവിയ്ക്കുള്ളില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യും
പൊടി, ബാക്ടീരിയ, മറ്റ് അണുക്കൾ എന്നിവ ഉള്ളിലേക്ക് കടക്കാതിരിക്കാന്‍ ചെവിയിലെ മെഴുക് ആവശ്യമാണ്. എന്നാല്‍ ഇത് അളവില്‍ കൂടുതല്‍ അടിഞ്ഞുകൂടുന്നത് കടുത്ത വേദനയ്ക്കും അണുബാധയ്ക്കും കാരണമാകും
ചില സന്ദർഭങ്ങളില്‍ ബഡ്സ് വളരെ സെൻസിറ്റീവ് ആയ കർണ്ണപുടത്തില്‍ തട്ടുന്നത് രക്തസ്രാവത്തിലേക്കും നയിക്കും. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനായി ബഡ്സ് ഉപയോഗിക്കാതെ മറ്റ് സുരക്ഷിത മാർഗങ്ങള്‍ തേടേണ്ടതാണ്
നനഞ്ഞ തുണി ഉപയോഗിക്കാം
കർണ്ണപുടത്തില്‍ തട്ടാത്ത രീതിയില്‍ കർണ്ണനാളവും ചെവിയുടെ പുറവും വൃത്തിയാക്കുന്നതിന് വൃത്തിയുള്ള നനഞ്ഞ തുണി ഉപയോഗിക്കാം
തുള്ളിമരുന്നുകള്‍
മെഴുക് മൃദുവാക്കാൻ സഹായിക്കുന്ന നിരവധി ഓവർ-ദി-കൗണ്ടർ ക്ലീനിംഗ് തുള്ളിമരുന്നുകള്‍ ലഭ്യമാണ്. ഇവ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക
ബള്‍ബ് സിറിഞ്ച്
ചെറിയ ബള്‍ബ് സിറിഞ്ചില്‍ വെള്ളമോ മറ്റ് ലായനിയോ ഉപയോഗിച്ച് ചെവി കഴുകാം. ഇത് ഉള്ളിലേക്ക് പോകാതെ ശ്രദ്ധിക്കണം. ലായനികളും മറ്റും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം തിരഞ്ഞെടുക്കുക
ചെവി വൃത്തിയാക്കുന്ന രീതി ശരിയല്ലെങ്കില്‍ അത് അണുബാധയിലേക്കും കേള്‍വിക്കുറവിലേക്കും വരെ നയിക്കുമെന്നതിനാല്‍, ഇഎന്‍ടി ഡോക്ടറെ സമീപിച്ചതിന് ശേഷം മാത്രം ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം