നോ മീൻസ് നോ; കരുതാം സ്വയം, കുറ്റബോധം വേണ്ട ഇക്കാര്യങ്ങളില്‍

വെബ് ഡെസ്ക്

ജീവിതത്തിൽ, പലപ്പോഴും മുൻപ് ചെയ്ത പല കാര്യങ്ങളിലും നമുക്ക് നിരാശയും കുറ്റബോധവും തോന്നാറുണ്ട്. എന്നാൽ, ചില കാര്യങ്ങൾ ചെയ്യുമ്പോൾ ഈ തോന്നല്‍ അനാവശ്യമാണ്. നമ്മുടെ മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും കരുതാം സ്വയം.

നമ്മുടെ മുഴുവൻ സമയവും അധ്വാനവും ജോലിക്കായി മാറ്റിവച്ചില്ല എന്ന് നിരാശ തോന്നാറുണ്ടോ? അതിന്റെ ആവശ്യമില്ല. ദിവസം മുഴുവൻ ജോലിക്കായി മാറ്റിവയ്ക്കണമെന്നും അവിടെ മാനസികാരോഗ്യത്തിന് വില നൽകേണ്ടതില്ലെന്നുമുള്ളത് പലർക്കുമുള്ള തെറ്റായ ധാരണയാണ്.

നിങ്ങളുടെ ശരീരത്തിലോ രൂപത്തിലോ ഒരിക്കലും നിരാശ തോന്നേണ്ടതില്ല. എല്ലാവരും അവരവരുടെ രീതിയിൽ വ്യത്യസ്തരും അതുല്യരുമാണ്. അതിനാൽ സ്വന്തം ശരീരം, മുഖം, വ്യക്തിത്വം എന്നിവയിൽ എപ്പോഴും സന്തുഷ്ടരായിരിക്കുക.

സ്വന്തം കാര്യങ്ങള്‍ക്കായി മറ്റെന്തെങ്കിലും ഒഴിവാക്കേണ്ടിവന്നാൽ നമുക്ക് കുറ്റബോധം തോന്നാറുണ്ട്. പക്ഷേ, നമ്മുടെ ശരീരം ചിലപ്പോൾ ക്ഷീണിക്കുകയും തളരുകയും ചെയ്തേക്കാം. കുറച്ച് സമയം ഒറ്റയ്ക്ക് ചെലവഴിക്കണമെന്ന് തോന്നിയാൽ അതിന് മുൻഗണന നൽകണം. തികച്ചും സാധാരണമാണത്.

ചില ബന്ധങ്ങള്‍ അവസാനിപ്പിക്കുമ്പോൾ അത് തെറ്റാണെന്ന ചിന്തയോ കുറ്റബോധമോ തോന്നിയേക്കാം. പക്ഷേ, നിങ്ങളെ അസന്തുഷ്ടരാക്കുന്ന ടോക്സിക് ആയതോ ജീവിതത്തെ നെഗറ്റീവായി ബാധിക്കുന്നതോ ആയ ബന്ധങ്ങൾ അവസാനിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്.

ആരെങ്കിലും എന്തെങ്കിലും ആവശ്യപ്പെട്ടാൽ ഇല്ല എന്ന് പറയാൻ നമുക്ക് പലപ്പോഴും ബുദ്ധിമുട്ട് തോന്നും. ചെയ്യാൻ സാധിക്കാത്ത കാര്യമാണെങ്കിൽ ഇല്ല എന്ന് പറയണം. മറ്റുള്ളവർ നിങ്ങളെ ദുരുപയോഗം ചെയ്യാതിരിക്കാൻ 'നോ' പറയാൻ പരിശീലിക്കുക.

ശരീരവും മനസും ചിലപ്പോൾ വല്ലാതെ ക്ഷീണിക്കുകയും ഒരു ഇടവേള അത്യാവശ്യമായി വരികയും ചെയ്യും. ഇടവേളകൾ ആവശ്യമുണ്ടെന്ന് തോന്നുമ്പോൾ അതെടുക്കുക. അത്തരത്തിൽ കുറച്ച് സമയം മാറ്റിവെച്ചതിൽ കുറ്റബോധം തോന്നുകയേ അരുത്.

പ്രണയമോ വിവാഹമോ വേണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ അതിൽ കുറ്റബോധം അരുത്. അതാണ് നിങ്ങൾക്ക് സന്തോഷം നൽകുന്നതെങ്കിൽ അങ്ങനെ തന്നെ തുടരുന്നതാണ് ഏറ്റവും നല്ലത്.

സുഹൃത്തുക്കളാകാനുള്ള അഭ്യർഥനകൾ സ്വീകരിക്കാതിരിക്കുന്നതിൽ ഒരിക്കലും സ്വയം മോശം ചിന്തിക്കേണ്ടതില്ല. നമ്മൾ പരുഷമായി പെരുമാറിയെന്ന് തോന്നാമെങ്കിലും ചില ആളുകൾ ജീവിതത്തിലേക്ക് കടക്കേണ്ടയെന്ന് തോന്നുണ്ടെങ്കിൽ അത് വേണ്ട എന്നുതന്നെ തീരുമാനിക്കുക.