ഡബിൾ ക്ലെന്‍സിങ് ചെയ്യൂ, ചർമം തിളക്കമുള്ളതാക്കാം

വെബ് ഡെസ്ക്

പ്രായം തോന്നിയ്ക്കാത്തതും തിളക്കമുള്ളതും പാടുകളില്ലാത്തതുമായ ചര്‍മം ആ​ഗ്രഹിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. ഇതിനുള്ള അറ്റവും നല്ല മാർ​ഗമാണ് ഡബിൾ ക്ലെന്‍സിംഗ്. പേര് സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ രണ്ടു തവണ മുഖം വൃത്തിയാക്കുന്ന രീതിയാണ് ഇത്.

സാധാരണയായി നാം ഏതെങ്കിലും ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് ചര്‍മം വൃത്തിയാക്കാറുണ്ട്. ഇതിന് പകരം രണ്ടു തരം ക്ലെന്‍സര്‍ ഉപയോഗിച്ച് ചര്‍മം വൃത്തിയാക്കുന്നതിനെയാണ് ഡബിള്‍ ക്ലെന്‍സിംഗ് എന്ന് പറയുന്നത്. ആദ്യം, എണ്ണ അടിസ്ഥാനമാക്കിയുള്ള ഒരു ക്ലെൻസർ ഉപയോഗിക്കുക, അതിനു ശേഷം വെള്ളം അടിസ്ഥാനമാക്കിയുള്ളത് ഉപയോഗിക്കാം.

എണ്ണ അടിസ്ഥാനമാക്കിയുള്ള ക്ലെൻസർ ഉപയോഗിക്കുമ്പോൾ സെബം, സൺസ്‌ക്രീൻ, മേക്കപ്പ് ഇവയെല്ലാം നീക്കം ചെയ്യും. വെള്ളം അടിസ്ഥാനമാക്കിയുള്ള ക്ലെൻസർ ചർമ്മത്തിലെ വിയർപ്പ്, അഴുക്ക് തുടങ്ങിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു. ചര്‍മം ബാലന്‍സ്ഡ് ആക്കി നില നിര്‍ത്താന്‍ ഈ രണ്ട് ക്ലെന്‍സിംഗ് പ്രക്രിയകളിലൂടെ സാധിക്കുന്നു.

ഡബിള്‍ ക്ലെന്‍സിംഗ് രീതി വഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾ തടയാൻ കഴിയും. സെബം അടിഞ്ഞുകൂടുന്നത് മുഖക്കുരുവിന് കാരണമാകുന്നു. ഈ പ്രക്രിയയിലൂടെ അതില്ലാതാക്കാനാകും.

ചര്‍മത്തിലെ സുഷിരങ്ങളിലെ അഴുക്ക് നീക്കം ചെയ്യുന്നതിനാല്‍ ബ്ലാക് ഹെഡ്‌സ് പോലുള്ള ചര്‍മ പ്രശ്‌നങ്ങൾക്കും ഇത് പരിഹാരമാണ്.

വരണ്ട ചർമത്തിനും പ്രതിവിധിയാണ് ഡബിൾ ക്ലെൻസിംഗ്. ചർമ്മം അമിതമായി ഡ്രൈ ആകാതെ സൂക്ഷിക്കാൻ ഈ രീതി സഹായിക്കും. ഡബിൾ ക്ലെൻസിംഗ് ചെയ്ത ശേഷം മുഖം നന്നായി വൃത്തിയാകുന്നതിനാൽ സെറം, മോയിസ്ചറൈസർ തുടങ്ങിയ ചർമ സംരക്ഷണ ഉത്പ്പന്നങ്ങളും ചർമത്തിൽ നന്നായി പ്രവർത്തിക്കുന്നു.

ഓയിൽ ബേസ്ഡ് ക്ലെൻസർ കഴിഞ്ഞ് വെളളം ഉപയോ​ഗിച്ചു കൊണ്ടുളള ക്ലെൻസർ ഉപയോഗിക്കുമ്പോൾ ചർമ്മത്തിലെ സ്വാഭാവിക ഈർപ്പം നിലനിർത്തി തന്നെ ചർമ്മത്തെ വൃത്തിയാക്കാൻ സഹായിക്കും.

മഴക്കാലത്ത് ചർമ്മത്തിലെ സുഷിരങ്ങൾ പലപ്പോഴും എണ്ണമയം കൊണ്ടും അഴുക്കു കൊണ്ടും അടയുകയും മുഖക്കുരു ഉണ്ടാകുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഡബിൾ ക്ലെൻസിംഗ് ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിലെ നിർജ്ജീവമായ കോശങ്ങൾ, മുഖത്തെ എണ്ണമയം എന്നിവ നീക്കം ചെയ്ത് ചർമ്മം കൂടുതൽ തിളക്കമുള്ളതും മിനുസമാർന്നതുമാക്കി മാറ്റും.

ഏതു തരം ചര്‍മത്തിനും ഉപയോഗിയ്ക്കാവുന്ന രീതിയാണ് ഡബിള്‍ ക്ലെന്‍സിംഗ്. വരൾച്ച, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, എണ്ണമയം, മുഖക്കുരു എന്നിവപോലുള്ള ചർമ്മ പ്രശ്നങ്ങളെ നിയന്ത്രിച്ചു നിർത്താനും ഈ രീതി സഹായിക്കും. നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ക്ലെൻസറുകൾ തിരഞ്ഞെടുത്ത് വേണം ഉപയോ​ഗിക്കാൻ.