വിളര്‍ച്ചയുടെ കാരണം ശരീരത്തിലെ ഇരുമ്പിന്റെ കുറവാകാം; ഈ ജ്യൂസുകള്‍ പരീക്ഷിച്ച് നോക്കൂ

വെബ് ഡെസ്ക്

ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒരു പോഷകമാണ് ഇരുമ്പ്. ഹീമോഗ്ലോബിന്റെ ശരിയായ പ്രവർത്തനം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.

ഇരുമ്പിന്റെ കുറവ് വിളർച്ച എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇത് ക്ഷീണം, ഉര്‍ജ്ജം കുറയുന്ന അവസ്ഥ, ഏകാഗ്രത കുറയുക, തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.

ആവശ്യത്തിന് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ആരോഗ്യകരമായ ഇരുമ്പിന്റെ അളവ് ഉറപ്പാക്കാനുള്ള മികച്ച മാർഗമാണ്. നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളിലും ഇരുമ്പ് സ്വാഭാവികമായും അടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ശ്രമിക്കേണ്ട ചില പാനീയങ്ങൾ ഇതാ.

ഗ്രീന്‍ ജ്യൂസ്

ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാൻ പച്ചയിലകൾ കൊണ്ടുള്ള ജ്യൂസുകൾ സഹായിക്കും. നാരങ്ങ, പിയർ, ചീര, സെലറി എന്നിവ ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ സഹായിക്കുന്ന ചില ചേരുവകളാണ്. ശരീരത്തിൽ ഇരുമ്പ് നന്നായി ആഗിരണം ചെയ്യുന്നതിനായി ഈ ജ്യൂസുകളിൽ വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും ചേർക്കാം.

പ്രൂണ്‍ ജ്യൂസ്

ഉണങ്ങിയ രൂപത്തിലുള്ള പ്ലം, പ്രൂൺ എന്നറിയപ്പെടുന്നു. ജ്യൂസ് രൂപത്തിലും ഇത് ലഭ്യമാണ്. പ്രൂൺ ജ്യൂസിൽ ഇരുമ്പ് ഉൾപ്പെടെ നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണ് പ്രൂൺ ജ്യൂസ്.

ചീര, പൈനാപ്പിൾ സ്മൂത്തി

പൈനാപ്പിളിനൊപ്പം ചേർക്കാവുന്ന വലിയ ഇരുമ്പ് സ്രോതസ്സാണ് ചീര. പൈനാപ്പിൾ ചേർക്കുന്നത് സ്മൂത്തിയിൽ വൈറ്റമിൻ സിയോടൊപ്പം രുചിയും വർധിപ്പിക്കും. ആവശ്യമെങ്കിൽ നാരങ്ങയോ ഓറഞ്ചോ ചേർക്കാം.

മാതളനാരങ്ങ, ഈന്തപ്പഴം സ്മൂത്തി

ഇരുമ്പിന്റെയും വിറ്റാമിൻ സിയുടെയും മികച്ച ഉറവിടമാണ് മാതളനാരങ്ങ. ഈന്തപ്പഴത്തിലും ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നു.