വെബ് ഡെസ്ക്
ആരോഗ്യ കാര്യത്തില്‍ വളരെ കരുതല്‍ വേണ്ട സമയമാണ് മഴക്കാലം. ഡങ്കിപ്പനി അടക്കമുളള പനികൾ പടർന്ന് പിടിക്കുന്ന സമയം. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണ് മഴക്കാലത്തേറെയും. ആഹാരത്തില്‍ കാലാവസ്ഥയ്ക്കനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ഫാസ്റ്റ് ഫുഡുകളും എണ്ണ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കണം. രോഗങ്ങളെ പ്രതിരോധിക്കാൻ മഴക്കാലത്ത് കഴിക്കേണ്ടുന്ന പഴങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ആപ്പിൾ
ഉയർന്ന തോതിൽ ഫൈബറും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്ന ആപ്പിൾ കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിയും. ദഹനം മെച്ചപ്പെടുത്താനും കഴിക്കാവുന്ന പഴവർഗങ്ങളിൽ ഒന്നാണ് ആപ്പിൾ.
പീച്ച്
വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന പീച്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. മഴക്കാലത്തെ ഈർപ്പമുള്ള കാലാവസ്ഥയില്‍ ചർമത്തിന് പ്രത്യേക സംരംക്ഷണവും നൽകും.
മാതളനാരങ്ങ
വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് മാതളനാരങ്ങ. മഴക്കാലത്ത് ഇവ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയർത്തുകയും ദഹന വ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും.
പപ്പായ
വിറ്റാമിൻ സി, എ, ഇ എന്നിവയുടെയും ധാരാളം ഫൈബർ അടങ്ങിയിട്ടുളളതുമായ പപ്പായ കഴിക്കുന്നതിലൂടെ ദഹനവ്യവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. മഴക്കാലത്തെ ചർമ്മരോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലും മുഖ്യപങ്കുവഹിക്കുന്ന ഒന്നാണിത്.
വാഴപ്പഴം
ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് വാഴപ്പഴത്തില്‍. കൂടാതെ ധാരാളം ഫൈബറും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്ന വാഴപ്പഴം നിത്യജീവിതത്തിന്റെ ഭാഗമാക്കിയാൽ പലതരത്തിലുളള ജീവിതശൈലി രോഗങ്ങളെയും തടയാവുന്നതാണ്.
ഓറഞ്ച്
വിറ്റാമിൻ സിയുടെയും ആന്റിഓക്സിഡന്റുകളുടെയും മികച്ച കലവറയാണ് ഓറഞ്ച്. മികച്ച് പ്രതിരോധ ശേഷിക്കും ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്.
മുന്തിരി
വിറ്റാമിൻ സിയുടെയും കെയുടെയും കലവറയാണ് മുന്തിരി. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന മുന്തിരി കഴിക്കുന്നതിലൂടെ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കും.