മാനസിക സമ്മർദം അലട്ടുന്നുണ്ടോ? ഈ ശീലങ്ങൾ മാറ്റാം

വെബ് ഡെസ്ക്

തിരക്കേറിയ ജീവിതരീതിയിൽ എല്ലാ മനുഷ്യർക്കും മാനസിക സമ്മർദം അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. ജോലിത്തിരക്കുകൾ കാരണം മാനസികാരോഗ്യത്തിന് ആരും അത്ര വലിയ പ്രാധാന്യം കല്പിക്കാറില്ല

എന്നാൽ അടിക്കടി അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും അത് മറ്റു രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും

മാനസികവും ശാരീരികവും വികാരപരവുമായ വ്യതിയാനങ്ങളാണ് മാനസിക സമ്മർദത്തിലൂടെ ഒരു വ്യക്തിക്കുണ്ടാകുന്നത്. ദിനചര്യയിൽ നിന്നോ, അലസമായ ശീലങ്ങൾ കാരണമോ, ചുറ്റുപാടുകളിൽ നിന്നോ, ശരീരത്തിൽ നിന്നോ, ചിന്തകളിൽ നിന്നോ എല്ലാം മാനസിക പിരിമുറുക്കം ഉണ്ടായേക്കാം

സമ്മർദത്തിന് കാരണമാകുന്ന ശീലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

കൃത്യമായ വ്യായാമമില്ലായ്മ

ഉദാസീനമായ ജീവിതശൈലി പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. ദീർഘനേരം വെറുതെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് ശരീരത്തിന്റെ പ്രവർത്തന ശേഷിയിൽ കുറവുണ്ടാക്കും. വ്യായാമമില്ലാത്ത ശരീരത്തിൽ മാനസിക സമ്മർദം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്

ഉറക്കം

മിതമായ ഉറക്കം ലഭിച്ചില്ലെങ്കിൽ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പതിവാണെങ്കിലും നിരാശ അനുഭവപ്പെടാം. ഉറക്കമില്ലായ്മ, ഉറക്കം മുറിയുന്ന അവസ്ഥ, ആഴത്തില്‍ ഉറക്കം കിട്ടാത്ത അവസ്ഥയെല്ലാം സമ്മർദത്തിലേക്ക് നയിക്കും

ചുമരുകൾക്കുള്ളിലെ ജീവിതം

വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും സ്വാഭാവികമായ സൂര്യപ്രകാശമോ വായുവോ ശരീരത്തിന് ലഭിക്കാത്തതുമെല്ലാം സമ്മർദത്തിന് കാരണമാകും. ചുമരുകൾക്കുള്ളിൽ കഴിയാതെ ഇടയ്ക്ക് പുറത്തിറങ്ങി നടക്കണം

ഫാസ്റ്റ് ഫൂഡ്

ജങ്ക് ഫൂഡ് അമിതമായി കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. ജങ്ക് എന്നു പറഞ്ഞാൽ ഉപയോഗശൂന്യമായി കളയുന്ന വസ്തുക്കൾ എന്നാണർഥം. പ്രോട്ടീനുകളും വിറ്റമിനുകളും മിനറലുകളുമൊന്നുമില്ലാത്തതും ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയടങ്ങിയ ഇത്തരം ഭക്ഷണങ്ങൾ വലിയ ആരോഗ്യഭീഷണികളാണ് ഉയർത്തുന്നത്

ശരീരത്തെയും മനസിനെയും ബാധിക്കുന്ന സമ്മർദത്തെ പ്രതിരോധിക്കാൻ പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്

കാര്യങ്ങൾ നീട്ടിവയ്ക്കുന്ന ശീലം

യഥാസമയം ചെയ്യേണ്ട കാര്യങ്ങൾ ഒരു കാരണവും കൂടാതെ മറ്റൊരവസരത്തിലേക്കു മാറ്റിവയ്ക്കുന്ന ശീലം പലപ്പോഴും സമയപരിധിയോടടുക്കുമ്പോൾ കടുത്ത മാനസിക സമ്മർദങ്ങൾക്ക് വഴിവെക്കും

സ്ക്രീൻ സമയം

അധികസമയം സ്മാര്‍ട് ഫോണ്‍ സ്ക്രീനിലേക്ക് നോക്കി സമയം കളയുന്നത് വലിയ രീതിയില്‍ വിരസതയും നിരാശയുമുണ്ടാക്കും. അതിനാല്‍ സ്ക്രീനിന് പുറത്തെ ലോകത്തെയും അനുഭവിക്കാൻ ശ്രമിക്കണം