വാട്ടർ ബോട്ടിലിലെ ദുർഗന്ധമകറ്റാം; പരിഹാരം അടുക്കളയില്‍ തന്നെ

വെബ് ഡെസ്ക്

കുപ്പികളില്‍ വെള്ളം നിറച്ചുവച്ച് ഇടയ്ക്കിടെ കുടിക്കാറുണ്ട് നമ്മള്‍. കുപ്പികള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിലത് രോഗം ക്ഷണിച്ചുവരുത്തും. ദുര്‍ഗന്ധം വമിക്കുന്ന കുപ്പികളില്‍ നിന്ന് വെള്ളം കുടിക്കരുത്. അവ ആരോഗ്യത്തിന് ദോഷകരമായ ബാക്ടീരിയകളുടെ സങ്കേതമാണ്.

കുപ്പികള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഇടയ്ക്കിടെ കഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുപ്പികളിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്.

ബേക്കിങ് സോഡ

കടുപ്പമുള്ള കറകളും ദുര്‍ഗന്ധവും അകറ്റാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ബേക്കിങ് സോഡ. ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്ത വെള്ളം വാട്ടര്‍ ബോട്ടിലില്‍ നിറയ്ക്കുക. നന്നായി കുലുക്കിയതിന് ശേഷം രാത്രി മുഴുവന്‍ വച്ച് പിറ്റേദിവസം കഴുകി കളയാം.

വിനാഗിരി

വെള്ളമൊഴിച്ച് നേര്‍പ്പിച്ച വിനാഗിരി ദുര്‍ഗന്ധമുള്ള കുപ്പികളില്‍ ഒഴിച്ചുവയ്ക്കുക. കുറച്ച് സമയം വച്ചതിനുശേഷം കഴുകിക്കളയുക.

നാരങ്ങാനീര്

നാരങ്ങ വളരെ മികച്ച ക്ലീനിങ് ഏജന്റാണ്. നാരങ്ങ നീര് ചേര്‍ത്ത ലായനികൊണ്ട് കുപ്പി കഴുകാം. നാരങ്ങയുടെ കഷ്ണം കിട്ടിയില്ലെങ്കില്‍ തൊലിയും ഉപയോഗിക്കാം.

തേയില

ചായയുണ്ടാക്കാന്‍ മാത്രമല്ല, കുപ്പിക്കുള്ളിലെ എണ്ണമയവും ദുര്‍ഗന്ധവും ഇല്ലാതാക്കാനും തേയില ഉപയോഗിക്കാം. നിങ്ങളുടെ കുപ്പിയില്‍ കുറച്ച് വെള്ളം നിറച്ച് ഒരു ടീ ബാഗ് മുക്കി വയ്ക്കുക. രാത്രി മുഴുവന്‍ വച്ചശേഷം കഴുകിക്കളയാം.

ക്ലീനിങ് സൊല്യൂഷന്‍സ്

വെള്ളത്തില്‍ കടുപ്പം കുറഞ്ഞ ക്ലീനിങ് സൊല്യൂഷന്‍സ് ചേര്‍ത്ത് മിക്‌സ് ചെയ്ത ശേഷം കുപ്പിയില്‍ ഒഴിച്ചു വയ്ക്കാം. കുപ്പി വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കണം.

കഴുകിയ ശേഷം കുപ്പികള്‍ അതുപോലെ അടച്ചുവയ്ക്കുന്നത് ചിലരുടെ ശീലമാണ്. കുപ്പികള്‍ വൃത്തിയാക്കിയതിനുശേഷം അത് തുറന്ന് തലകീഴായി വയ്ക്കാനും ശ്രദ്ധിക്കണം.