വെബ് ഡെസ്ക്
കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. അവർക്ക് ശക്തവും സുന്ദരവുമായ ഒരു ഭാവി കെട്ടിപ്പടുക്കണമെങ്കിൽ ആത്മവിശ്വാസം അത്യാവശ്യമാണ്.
കുട്ടികളിൽ ആത്മവിശ്വാസം വളർത്താനുള്ള ചില മാർഗങ്ങൾ ഇതാ
കുട്ടികൾക്ക് നിരുപാധികം സ്നേഹം നൽകുക. ആലിംഗനങ്ങൾ, ചുംബനങ്ങൾ, പ്രോത്സാഹന വാക്കുകൾ, ഒരുമിച്ച് നല്ല സമയം ചിലവഴിക്കൽ തുടങ്ങിയവയിലൂടെ വാത്സല്യവും സ്നേഹവും നൽകുക. കുട്ടിക്ക് പഠിക്കാനും വളരാനുമുള്ള സുരക്ഷിതമായ വൈകാരിക ഇടങ്ങൾ ഇതുവഴി ഉണ്ടാകുന്നു.
പുതിയ പുതിയ കാര്യങ്ങൾ പഠിക്കാൻ കുട്ടിയെ എപ്പോഴും പ്രോത്സാഹിപ്പിക്കുക. ഒരോ പുതിയ കാര്യങ്ങളും കുട്ടിയുടെ ആത്മവിശ്വാസം വളർത്തുന്നു. ചെറിയ ചെറിയ വിജയങ്ങൾ പോലും അവരുടെ നല്ല ഭാവിയുടെ അടിത്തറയായി മാറുന്നു.
കുട്ടിയുടെ ചെറുതും വലുതുമായ എല്ലാ നേട്ടങ്ങളും ആഘോഷിക്കുക. കുട്ടിയുടെ അഭിമാന ബോധം വളർത്തുന്നതിന് അവരുടെ വിജയങ്ങൾ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക. ആത്മവിശ്വാസം വളർത്തുന്നതിനൊപ്പം കൂടുതൽ ലക്ഷ്യങ്ങൾ വയ്ക്കാനും വിജയങ്ങൾ നേടാനും അതവരെ പ്രേരിപ്പിക്കുന്നു.
തിരിച്ചടികളിൽ നിന്ന് പാഠം ഉൾകൊള്ളാൻ അവരെ പഠിപ്പിക്കുക. പരാജയങ്ങൾ ഒന്നിന്റെയും അവസാനമല്ലെന്ന് പറഞ്ഞ് പഠിപ്പിക്കുക. അവ വിജയങ്ങളിലേക്കുള്ള ചവിട്ട് പടികളാക്കാൻ സഹായിക്കുക. വെല്ലുവിളികളെ നേരിട്ട് വളരാനുള്ള ഈ കഴിവ് ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു.
വിർച്വൽ ലോകത്തെക്കാൾ കൂടുതൽ സാമൂഹികമായി ഇടപെടാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. പഠനങ്ങൾക്കും സർഗാത്മകത വളർത്താനും സാങ്കേതിക വിദ്യകൾ പ്രയോഗിക്കാം. പക്ഷേ ചുറ്റുപാടുമായി ഇടപഴകാൻ കുട്ടിയെ പഠിപ്പിക്കുക
കടുത്ത വിമർശനങ്ങൾ ഒഴിവാക്കുക. ജനാധിപത്യപരമായ, കുട്ടിയെ വളരാൻ സഹായിക്കുന്ന തരത്തിലുള്ള വിമർശനങ്ങൾ അത്യാവശ്യമാണ്. എന്നാൽ കുട്ടിയുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന തരത്തിൽ വിഷയങ്ങളോട് പ്രതികരിക്കാതിരിക്കുക.
കഴിവുകൾ കണ്ടെത്താൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ബലഹീനതകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ കഴിവുകളെ തിരിച്ചറിഞ്ഞ് അത് പ്രോത്സാപ്പിക്കുക. ബലഹീനതകളിൽ നിന്ന് പ്രശ്നങ്ങൾ ഉൾകൊണ്ട് അത് പരിഹരിക്കാൻ ശ്രമിക്കുക.