വെബ് ഡെസ്ക്
ബ്രോസ്റ്റഡ് ചിക്കന്‍ പലവരുടെയും ഇഷ്ടവിഭവമാണ്. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന വിധത്തില്‍ ഒരു കൂട്ട് പറഞ്ഞുതരാം
ചേരുവകള്‍: ഒരു ചിക്കന്‍ അല്‍പം വലിയ കഷ്ണങ്ങളായി അരിഞ്ഞത്, കാല്‍ കപ്പ് ബട്ടര്‍മില്‍ക്ക്, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, ആറ് വെളുത്തുള്ളി അല്ലി അരിഞ്ഞത്
ഒരു ബൗളെടുത്ത് അതില്‍ ബട്ടര്‍മില്‍ക്ക്, വെളുത്തുള്ളി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. ഇത് ചിക്കനില്‍ പുരട്ടി ഒരു പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് കെട്ടിവയ്ക്കുക. 12 മണിക്കൂര്‍ കഴിഞ്ഞ് എടുക്കാം
ചിക്കന്‍ മുക്കുന്നതിനുള്ള മിശ്രിതത്തിന് വേണ്ട ചേരുവകള്‍: 2 കപ്പ് ഓള്‍ പര്‍പ്പസ് ഫ്‌ളോര്‍, മുക്കാൽ കപ്പ് കോണ്‍ഫ്‌ളോര്‍, 2 ടീസ്പൂണ്‍ കുരുമുളക് പൊടി, 1 ടേബിള്‍സ്പൂണ്‍ മുളക് പൊടി, 2 ടേബിള്‍സ്പൂണ്‍ ഇറ്റാലിയന്‍ സീസണിങ്, 2 കപ്പ് പാങ്കോ ബ്രഡ് ക്രംസ്, 2 മുട്ട, കാല്‍ കപ്പ് വെള്ളം, ആവശ്യത്തിന് വെള്ളം, ഉപ്പ്
ഒരു ബൗള്‍ എടുത്ത് അതില്‍ മൈദ (ഓള്‍ പര്‍പ്പസ് ഫ്‌ളോര്‍), കോണ്‍ഫ്‌ളോര്‍, കുരുമുളക് പൊടി, മുളക് പൊടി, ഇറ്റാലിയന്‍ സീസണിങ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി മിശ്രിതം തയ്യാറാക്കുക
ഇതിലേയ്ക്ക് മുട്ടയും അല്‍പ്പം വെള്ളവും ഒഴിച്ച് നന്നായി വിസ്‌ക് ഉപയോഗിച്ച് ഇളക്കിയെടുക്കുക. മറ്റൊരു പാത്രത്തില്‍ പാങ്കോ ബ്രഡ് ക്രംസും അല്‍പം ഇറ്റാലിയന്‍ സീസണിങും ഉപ്പും ചേര്‍ത്ത് ഇളക്കി വയ്ക്കുക
കൂട്ട് പുരട്ടിവച്ച ചിക്കന്‍ 12 മണിക്കൂര്‍ കഴിഞ്ഞ് എടുത്ത ശേഷം മൈദ മിശ്രിതത്തില്‍ മുക്കിയെടുക്കുക. എന്നിട്ട് ബ്രഡ് ക്രംസില്‍ നന്നായി മുക്കാം
ശേഷം ഒരു ചട്ടിയില്‍ ചിക്കന്‍ മുങ്ങും വിധത്തില്‍ എണ്ണവയ്ക്കുക. എണ്ണ നന്നായി തിളച്ചശേഷം ചിക്കന്‍ വറുത്ത് കോരിയെടുക്കാം