വെബ് ഡെസ്ക്
പല കുട്ടികൾക്കും അവരുടെ വികാരങ്ങൾ പെട്ടെന്ന് നിയന്ത്രിക്കാൻ സാധിക്കില്ല, പ്രത്യേകിച്ച് ദേഷ്യം, വേദന, സങ്കടം എന്നിവ. ഒരു ചെറിയ കാര്യമാകട്ടെ, അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി നടന്നാല്‍ അവർക്ക് ദേഷ്യവും വാശിയും ഉണ്ടാകും. അവരെ ശാന്തരാക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുള്ള കാര്യംതന്നെ.
കുട്ടിയുടെ പെട്ടെന്നുള്ള ദേഷ്യത്തിന് കാരണമാകുന്ന ഘടകം എന്താണെന്ന് തിരിച്ചറിയുക. ക്ഷീണമോ, വിശപ്പോ, നിരാശയോ, സ്‌ട്രെസോ ഒക്കെ ആകാം കാരണം. കുട്ടിയെ മുൻകൂട്ടി മനസിലാക്കാനും ഈ ഘടകങ്ങളിൽ നിന്ന് അവരെ മാറ്റി നിർത്താനും ഇതുവഴി സാധിക്കും.
കുട്ടികളെ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ പ്രേരിപ്പിക്കുക. അവരുടെ മനസിലൂടെ കടന്നു പോകുന്ന കാര്യങ്ങൾ തുറന്ന് പറയാനുള്ള സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക.
കുട്ടികളെ വികാരങ്ങള്‍ തിരിച്ചറിയാനും അതെന്തെന്ന് മനസിലാക്കാനും പഠിപ്പിക്കുക. ദേഷ്യം വരുന്നത് സാധാരണയാണെന്ന് അവർക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കാം. എന്നാൽ അത് കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണെന്നും പറയുക.
കുട്ടികൾ മിക്ക സമയങ്ങളിലും മാതാപിതാക്കളെ അനുകരിക്കാറുണ്ട്. അതിനാൽ ക്ഷമയും ഫലപ്രദമായ കോപ നിയന്ത്രണവും നിങ്ങൾ പ്രകടിപ്പിക്കുന്നത് കുട്ടികൾക്ക് നല്ല മാതൃകയാകും
ദേഷ്യം വരുമ്പോൾ അത് പ്രകടിപ്പിക്കുന്നതിന് പകരം അതിന്റെ പരിഹാര മാർഗത്തെ ക്കുറിച്ച് ചിന്തിക്കാൻ അവരെ പ്രാപ്തരാക്കുക
കുട്ടികൾക്ക് ആവശ്യമുള്ള രീതിയിൽ മറ്റുള്ളവർ പെരുമാറാതിരിക്കുമ്പോഴാണ് അവർക്ക് പലപ്പോഴും ദേഷ്യം വരുന്നത്. അവരെ അനുകമ്പ എന്തെന്ന് പഠിപ്പിക്കുക. മറ്റുള്ളവരുടെ കണ്ണിൽ കൂടി ഇക്കാര്യങ്ങൾ കാണാൻ പരിശീലിപ്പിക്കുക. അവർ തെറ്റ് ചെയ്താൽ മാപ്പ് പറയാൻ ആവശ്യപ്പെടുക.
കുട്ടികൾ ഫലപ്രദമായി അവരുടെ കോപം നിയന്തിക്കുമ്പോൾ സമ്മാനങ്ങൾ നൽകുകയും അഭിനന്ദിക്കുകയും ചെയ്യുക. അതവരെ വീണ്ടും വീണ്ടും നല്ല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും.
കുട്ടികളുടെ സ്കൂളിലെ പെരുമാറ്റ രീതികളെക്കുറിച്ച് അധ്യാപകരുമായി സംസാരിക്കുക. അവരുടെ ദേഷ്യം നിയന്ത്രിക്കാൻ അധ്യാപകരുടെ സഹായവും തേടാവുന്നതാണ്