ഓവനില്ലാതെ ചീസ് കേക്ക് ഉണ്ടാക്കിയാലോ?

വെബ് ഡെസ്ക്

ചീസ് ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും. അതുപോലെ തന്നെ ചീസ് ഉപയോഗിച്ചുള്ള പലഹാരങ്ങളും. വൈകിട്ട് ചായയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു അടിപൊളി വിഭവമാണ് ചീസ് കേക്ക്. ഓവൻ ഉപയോഗിക്കാതെ വെറും നാല് ചേരുവകൾ കൊണ്ട് ചീസ് കേക്ക് വീട്ടിൽ തന്നെയുണ്ടാക്കാം.

ആവശ്യമായ ചേരുവകൾ

2 കപ്പ് തൈര്, 1 കപ്പ് കണ്ടെൻസ്‌ഡ് മിൽക്ക്, 12 ബിസ്കറ്റ്, 5 ടേബിൾ സ്പൂൺ ബട്ടർ.

കട്ടിയില്ലാത്ത തുണിയിൽ തൈര് ഒഴിച്ച് നന്നായി അരിച്ചെടുക്കാം. തൈരിലെ വെള്ളം പോകാനായി 30 മിനിറ്റ് കെട്ടിവയ്ക്കാം.

കെട്ടിവച്ച തുണിയിൽ നിന്ന് തൈര് ബൗളിലേക്ക് മാറ്റാം. അതിലേക്ക് കണ്ടെൻസ്‌ഡ് മിൽക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം.

ഇഷ്ടമുള്ള ഫ്ലേവറിലെ ബിസ്കറ്റുകൾ നന്നായി പൊടിച്ചെടുത്ത് അതിലേക്ക് 5 ടേബിൾസ്പൂൺ ബട്ടർ ചേർത്ത് ഇളക്കാം.

വട്ടത്തിലുള്ള ഒരു പാത്രത്തിൽ ബേക്കിങ് പേപ്പർ ഒട്ടിച്ചശേഷം ബിസ്‌ക്കറ്റിന്റെയും ബട്ടറിന്റെയും ചേരുവ ചേർത്ത് കൈ കൊണ്ട് അടിച്ചുറപ്പിക്കാം. തൈരിന്റെ ചേരുവ അതിനു മുകളിൽ ഒഴിക്കാം. അലൂമിനിയം ഫോയിൽ ഉപയോഗിച്ച് മൂടുക.

ഇഡ്ഡലി പാത്രത്തിലേക്കോ ആവി കയറ്റാൻ കഴിയുന്ന മറ്റ് പാത്രത്തിലേക്കോ ഇതിനെ മാറ്റാം. 20 - 22 മിനിറ്റ് ആവി കയറ്റിയശേഷം പുറത്തെടുത്ത് തണുക്കാൻ വയ്ക്കുക.

ശേഷം, ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. കൊതിയൂറും ചീസ് കേക്ക് റെഡി.