വെബ് ഡെസ്ക്
കേരളത്തിന്റെ പരമ്പരാഗത കേശതൈലം:
കേരളത്തിലെ തനതായ ചേരുവകൾ കൊണ്ട് നിർമ്മിക്കപ്പെടുന്ന ഒരു പരമ്പരാഗത എണ്ണയാണ് നീലിഭൃംഗാദി. ഇത് മുടിക്ക് മതിയായ പോഷണങ്ങൾ പ്രദാനം ചെയ്ത് മുടി തഴച്ചു വളരാൻ സഹായിക്കുന്നു.
എങ്ങനെ വീട്ടിലുണ്ടാക്കാം?
ഒരുപിടി കറിവേപ്പില, ഒരു ടേബിൾ സ്പൂൺ കുതിർത്ത ഉലുവ, രണ്ട് ടേബിൾ സ്പൂൺ ചെമ്പരത്തിപൊടി, 10 -15 ചെറിയുള്ളി, അല്പം കറ്റാർവാഴപ്പോള, 10 -12 കുരുമുളക്, 500 മില്ലി വെളിച്ചെണ്ണ എന്നിവയാണ് നീലിഭൃംഗാദിയ്ക്കുള്ള ചേരുവകൾ. ചേരുവകളെല്ലാം ചേർത്ത് 15 മിനിട്ടോളം ചൂടാക്കുക. തണുത്ത ശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്
ഇതെങ്ങനെ മുടിക്ക് ഗുണകരമാകുന്നു?
കറിവേപ്പിലയിൽ ബീറ്റ-കരോട്ടീനുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് മുടി നരയ്ക്കുന്നതും മുടി കൊഴിച്ചിലും തടയുന്നു. ഉലുവ താരൻ തടയുന്നതിനും, കറ്റാർവാഴ മുടിയുടെ വേരുകളെ ബലപ്പെടുത്തുന്നതിനും സഹായകമാകുന്നു.
മുടിവളർച്ചയെ സഹായിക്കുന്നു
നിത്യവും ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ തലമുടി മിനുസമുള്ളതാകുന്നു. സ്വാഭാവിക നിറത്തോടു കൂടി തലമുടി നന്നായി വളരുന്നതിന് ഈ എണ്ണ സഹായകമാകുന്നു.
ആന്റി-ഫംഗൽ ഗുണങ്ങളാൽ സമൃദ്ധം
ഈ എണ്ണയ്ക്ക് താരനെയും ഫംഗസിനെയും ചെറുക്കാനുള്ള കഴിവുണ്ട്. ഇത് കൂടാതെ കഷണ്ടിയിലേക്ക് നയിക്കുന്ന മുടി കൊഴിച്ചിലിനെ നിയന്ത്രിക്കുവാനും ഇതിനു കഴിയുന്നു.
എന്താണിതിന്റെ രഹസ്യ ചേരുവ
രാസവസ്തുക്കൾ അടങ്ങിയ ഷാംപൂ മുതലായ ഉൽപ്പന്നങ്ങൾ മൂലം മുടിക്കുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ ഈ എണ്ണയിലെ പ്രധാന ചേരുവയായ വെളിച്ചെണ്ണ സഹായിക്കുന്നു. അതിനാൽ തന്നെ ഷാംപൂ ഉപയോഗിക്കുന്നതിനു മുൻപായി ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.
നിത്യേന ഉപയോഗിക്കാം
ദിവസവും തല നനനയ്ക്കുന്നതിനു മുൻപായി ഈ എണ്ണ തലമുടിയിൽ പുരട്ടാവുന്നതാണ്. അല്പം എണ്ണ തലയിൽ പുരട്ടി, തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിച്ചതിന് ശേഷം കുളിക്കാവുന്നതാണ്.
എങ്ങനെ ഉപയോഗിക്കാം?
ബാഹ്യമായ ഉപയോഗങ്ങൾ മാത്രമാണ് നീലിഭൃംഗാദിക്കുള്ളത്. അഞ്ചു മിനിട്ടോളം ഈ എണ്ണ ഉപയോഗിച്ചു തല മസ്സാജ് ചെയ്യുന്നത് ഗുണകരമാണ് . പനി ജലദോഷം തുടങ്ങിയ രോഗങ്ങളില്ലാത്തവർക്കു എണ്ണ തലയിൽ പുരട്ടിയ ശേഷം രാത്രിയിൽ ഉറങ്ങാവുന്നതാണ്.
മറ്റു പരിഭേദങ്ങൾ ഏതെല്ലാം?
പെട്ടെന്ന് പൊട്ടിപ്പോകുന്നതും പരുക്കനുമായ തലമുടിയെ സംരക്ഷിക്കുന്നതിനായി സ്വാഭാവിക ചേരുവകൾക്കൊപ്പം എണ്ണയിൽ അല്പം എള്ള് കൂടി ചേർക്കാവുന്നതാണ്. ഇത് കൈരളി നീലിഭൃംഗാദി അഥവാ കേര തൈലം എണ്ണ എന്ന പേരിൽ അറിയപ്പെടുന്നു.