വെബ് ഡെസ്ക്
തലച്ചോറിന്റെ ആരോഗ്യത്തിന്റെ പ്രാധാന്യവും അത് നിലനിർത്താനുള്ള വഴികളും പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 22 നാണ് ലോക മസ്തിഷ്ക ദിനം ആചരിക്കുന്നത്.
നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും ശരീരത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതിൽ തലച്ചോർ മുഖ്യ പങ്കുവഹിക്കുന്നു. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.
വ്യായാമം പുതിയ നാഡീകോശങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു. ചിട്ടയായ വ്യായാമത്തിലൂടെ ഓർമശക്തി വർധിപ്പിക്കാം. നടത്തം, ജോഗിങ്, നീന്തൽ, നൃത്തം തുടങ്ങിയവയില്‍ ഏർപ്പെടുന്നത് വഴി തലച്ചോറിലേക്കുള്ള രക്തയോട്ടം സന്തുലിതമാക്കാനും ഓക്സിജൻ വിതരണം വർധിപ്പിക്കുകയും ചെയ്യാം.
പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ പ്രാധാന്യമുളളതാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പരിപ്പ്, വിത്തുകൾ, കൊഴുപ്പുള്ള മത്സ്യം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
പസിലുകൾ, ക്രോസ്‌വേഡുകൾ, പുതിയ ഭാഷയോ പുതിയ ആക്ടിവിറ്റീസോ പഠിക്കുക, സംഗീതോപകരണങ്ങൾ വായിക്കുക, പെയിന്റിങ് പോലുള്ള ഹോബികളിൽ ഏർപ്പെടുക തുടങ്ങിയ പ്രവർത്തനങ്ങൾ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ന്യൂറോൺസിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
തലച്ചോറിന്റെ ആരോഗ്യത്തിന് മതിയായ ഉറക്കം അത്യാവശ്യമാണ്. മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഓരോ വ്യക്തിയും 7-9 മണിക്കൂർ ഉറക്കത്തിനായി സമയം കണ്ടെത്തണം.
തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന മറ്റൊരു ശീലമാണ് വായന. മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാൻ വായന സഹായിക്കും.
പുകവലിയും അമിതമായ മദ്യപാനവും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. ഇവ രണ്ടും ശീലമുളളവരിൽ പക്ഷാഘാതവും അൽഷിമേഴ്‌സ് രോഗത്തിനും അപസ്മാരത്തിനുമുളള സാധ്യത വർധിപ്പിക്കുന്നു.
സാമൂഹിക ബന്ധങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. വ്യക്തികളുമായുളള ഇടപെടലിലൂടെ ഉണ്ടാകുന്ന സാമൂഹിക ബന്ധം ഒറ്റപ്പെടൽ, വിഷാദം അടക്കമുളള മാനസിക പ്രശ്നങ്ങൾ വരാതെ ചെറുക്കാൻ സഹായിക്കുന്നു.