വേനല്‍ക്കാലമല്ലേ, മാമ്പഴക്കാലമല്ലേ; അറിയാം ഇന്ത്യയിലെ 10 പ്രധാന ഇനങ്ങള്‍

വെബ് ഡെസ്ക്

ഓരോ ദിവസവും വേനൽ കടുക്കുകയാണ്. നിർജലീകരണം തടയാൻ ആവശ്യത്തിന് വെള്ളം കുടിക്കുകയും പഴവർഗങ്ങൾ കഴിക്കുകയും ചെയ്യേണ്ടതുണ്ട്. വേനൽക്കാലം മാമ്പഴക്കാലം കൂടിയായതിനാൽ ഏറ്റവും മിച്ച തിരഞ്ഞെടുപ്പുകളിലൊന്നാണ് മാങ്ങ.

ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ. ലോകത്താകെയുള്ള മാങ്ങകളുടെ പകുതിയും ഇന്ത്യയിലാണ്. മാങ്ങയില്‍ തന്നെ വ്യത്യസ്തമായ രുചിയിലും നിറത്തിലുമുളള നിരവധി മാങ്ങകളുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട 10 എണ്ണത്തെ പരിചയപ്പെടാം.

ദാഷെരി

മധുരത്തിന് പേര് കേട്ട ഇനമാണിത്. വടക്കേ ഇന്ത്യയുടെ പല ഭാഗത്തായാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ജൂണ്‍ മാസത്തിലാണ് ദാഷെരി മാങ്ങയുടെ വിളവെടുപ്പ്. പതിനെട്ടാം നൂറ്റാണ്ടില്‍ ലക്‌നൗവിലാണ് ആദ്യമായി ഈ ഇനം മാങ്ങയുണ്ടായത്.

അല്‍ഫോണ്‍സോ

മികച്ച ഗുണനിലവാരം, രുചി എന്നിവയില്‍ മുന്നിട്ടു നില്‍ക്കുന്ന മാമ്പഴമാണ് അല്‍ഫോണ്‍സോ. ഹാപസ് എന്ന പേരിലും ഈ ഇനം അറിയപ്പെടുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് ഈ ഇനത്തിന്റെ കൃഷി പ്രധാനമായും.

സഫേദ

ആന്ധ്രാപ്രദേശാണ് സഫേദയുടെ ജന്മനാട്. ബങ്കനപ്പളി മാങ്ങയെന്നും ഇത് അറിയപ്പെടുന്നു. ഷേക്കുണ്ടാക്കാനാണ് കൂടുതലായി സഫേദ ഉപയോഗിക്കുന്നത്. ഒരു മാങ്ങയ്ക്ക് 350 ഗ്രാം ഭാരമുണ്ടാവും. മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ വരെയാണ് സീസൺ.

കേസര്‍

മാങ്ങകളുടെ റാണി എന്നറിയപ്പെടുന്ന ഇനമാണ് കേസര്‍. ഗുജറാത്തില്‍ കൃഷി ചെയ്ത് ഇന്ത്യയുടെ പലഭാഗത്തും വിതരണം ചെയ്യുന്നു.

ലങ്ഗ്ര

ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് ലാങ്ഗ്ര മാങ്ങയുടെ ഉത്ഭവം. ജുലൈ മുതല്‍ ഓഗസ്റ്റ് വരെയുളള കാലയളവിലാണ് ഈ ഇനം ലഭ്യമാവുക.

ചൗസ

പതിനാറാം നൂറ്റാണ്ടില്‍ ഷേര്‍ ഷാഹ് സുരിയാണ് ചൗസ മാങ്ങ ഇന്ത്യയിൽ കൊണ്ടുവന്നത്. ബിഹാറടക്കമുളള ഉത്തരേന്ത്യയിൽ പ്രസിദ്ധമായ ഈ ഇനം നല്ല മഞ്ഞ നിറത്തിൽ കാണാൻ അതിഭംഗിയുള്ളതാണ്.

തോത്തപുരി

തത്തയോട് രൂപസാദൃശ്യമുളള മാങ്ങയാണിത്. കൂർത്ത അഗ്ര ഭാഗമുള്ള ഈ മാങ്ങയ്ക്ക് നല്ല വലുപ്പവുമുണ്ടിതിന്. തെക്കേ ഇന്ത്യയിലാണ് കൂടുതലായി കാണപ്പെടുന്നത്.

സിന്ദുര

മധുരവും പുളിയും കൂടിച്ചേര്‍ന്ന രുചിയുളള മാമ്പഴമാണിത്. ഷേക്കുകളുണ്ടാക്കുന്നതിന് മികച്ചതാണ് ഈ ഇനം.

ഹിംസാഗര്‍

പശ്ചിമ ബംഗാളിലും ഒഡിഷയിലും കാണപ്പെടുന്ന പ്രത്യേകയിനം മാങ്ങയാണിത്. നല്ല രുചിയും മണവുമും ക്രീമിയുമായ ഇനമാണിത്. ഡേസേര്‍ട്ടിനും ഷേക്കിനും ഉത്തമമാണിത്.

നീലം

ഇന്ത്യയിലുടനീളം കാണപ്പെടുന്ന മാങ്ങയിനമാണിത്. ജൂണി‍ലാണ് കൂടുതലായി ലഭിക്കുന്നത്. മറ്റിനങ്ങളില്‍നിന്ന് വലുപ്പം കുറഞ്ഞ മാങ്ങയാണിത്.